അധ്യാപകദിനത്തില്‍ അധ്യാപകരായി വിദ്യാര്‍ഥികളും

അധ്യാപകദിനത്തില്‍ അധ്യാപകരായി വിദ്യാര്‍ഥികളും. കോഴിക്കോട് ദേവഗിരി പബ്ലിക് സ്കൂളിലാണ് കുട്ടി ടീച്ചര്‍മാര്‍ക്ക് അധ്യാപനത്തിന് അവസരമൊരുങ്ങിയത്. 

പതിവിലും ഉല്‍സാഹത്തോടെയാണ് ക്ലാസിലേക്കെത്തിയ ടീച്ചര്‍മാരെ വിദ്യാര്‍ഥികള്‍ വരവേറ്റത്. യൂണിഫോമിട്ട് നടന്ന ചേച്ചിമാരും ചേട്ടന്‍മാരും വേഷം മാറിയെത്തിയപ്പോള്‍ കുഞ്ഞുമുഖങ്ങളില്‍ കൗതുകം നിറഞ്ഞു. ഗൗരവമൊട്ടും വിടാതെ പുതിയ ടീച്ചര്‍മാര്‍ ക്ലാസ് ഏറ്റെടുത്തു. ഓരോ കുട്ടിക്കും പ്രത്യേകം ശ്രദ്ധ നല്‍കിയായിരുന്നു അധ്യാപനം. 

ക്ലാസെടുക്കുകയെന്നത് പറയുന്നത്ര എളുപ്പമല്ലെങ്കിലും പുതിയ റോള്‍ നന്നായി ആസ്വദിച്ചു കുട്ടി അധ്യാപകരും. അധ്യാപകദിനത്തോടനുബന്ധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരാകാന്‍ അവസരമൊരുങ്ങിയത്. പ്രത്യേകമായ പരിശീലനം നേടിയ പ്ലസ്ടു വിദ്യാര്‍ഥികളാണ്  ക്ലാസ് നയിച്ചത്.