പ്രളയക്കെടുതിയിൽ പാലക്കാട് തൃത്താല മേഖലയിൽ നശിച്ചത് 250 ഏക്കറിലധികം നെൽകൃഷി. മങ്ങാരം പാടശേഖരം ഉൾപ്പടെ ഏക്കറുകണക്കിന് നെൽ വയലുകളിൽ നെല്ല് ചീഞ്ഞ് കിടക്കുകയാണ്.
പ്രളയ സമയത്ത് മൂന്ന് ദിവസത്തോളം നെൽച്ചെടികൾ പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു. ഇതോടെ കതിർ വന്ന് മൂപ്പെത്താറായ ചെടികൾ ചീഞ്ഞ് നശിച്ചു. നെല്ലിന് പുറമേ പാടങ്ങൾക്ക് സമീപം കൃഷി ചെയ്ത് വന്നിരുന്ന ചേന ഉൾപ്പടെയുള്ള കാർഷികവിളകളും ഇല്ലാതായി..
ഗുണമേൻമയും വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളതുമായ ജ്യോതി ഇനം നെൽച്ചെടികളാണ് നശിച്ചത്. ഇതോടെ പാട്ടത്തിനെടുത്തും സ്വന്തമായും വിരിപ്പ് കൃഷി ഇറക്കിയ കർഷകർ ദുരിതത്തിലുമായി.
നെൽച്ചെടികൾ ചീഞ്ഞതിനാൽ വൈക്കോൽ പോലും വയലുകളിൽ നിന്നും ലഭിക്കില്ലെന്നും കർഷകർ പറയുന്നു. ഈ മാസം അവസാനത്തോടെ ഇറക്കേണ്ട മുണ്ടകൻ കൃഷിയും അനിശ്ചിതത്വത്തിലാണ്. നിലവിൽ പാടങ്ങളിൽ നിന്നും വെള്ളം ഇറങ്ങിയതോടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയുമെല്ലാം അടിഞ്ഞിരിക്കുകയാണ്.