മഴ കുറഞ്ഞു; കണ്ണൂരിൽ ദുരിതമൊഴിയാതെ കുടുംബങ്ങൾ

മഴ കുറഞ്ഞെങ്കിലും കണ്ണൂര്‍ ചെങ്ങളായി കൊവ്വപ്പുറത്തെ എഴുപതോളം കുടുബങ്ങള്‍ക്ക് ദുരിതമൊഴിയുന്നില്ല. കരകവിഞ്ഞൊഴുകിയ വളപട്ടണം പുഴ ഇവരുടെ ഒരായുസിന്റെ സമ്പാദ്യവും കൊണ്ടാണുപോയത്. പ്രദേശത്തെ വീടുകളിലെല്ലാം വെള്ളവും, മാലിന്യവും നിറഞ്ഞിരിക്കുകയാണ്. 

ജില്ലയുടെ മലയോരമേഖലകളായായ ചന്ദനക്കാംപാറ, വഞ്ചിയം, കഞ്ഞിരക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍ പൊട്ടലാണ് വളപട്ടണം പുഴയെ രൗദ്രഭാവത്തിലെത്തിച്ചത്. ആര്‍ത്തലച്ച് വെള്ളമെത്തിയതോട എല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടുകയായിരുന്നു കൊവ്വപ്പുറത്തെ മുന്നൂറ്റിയന്‍പതോളം പേര്‍. ഒന്നും കൈയ്യില്‍ കരുതാതെയായിരുന്നു ജീവന്‍ രക്ഷിക്കാനുള്ള ഈ പരക്കം പാച്ചില്‍. വെള്ളമിറങ്ങി തിരിച്ചെത്തിയപ്പോഴെയ്ക്കും ഇത്രകാലം സ്വരുക്കൂട്ടിയതെല്ലാം നശിച്ചു. വീടിനുള്ളിലും പുറത്തും മലിനജലവും ചളിയും കെട്ടിക്കിടക്കുന്നു. കുടിവെള്ളസ്രോതസുകളില്‍ മാലിന്യം നിറഞ്ഞതോടെ പ്രദേശം ഒന്നടങ്കം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.

കൊവ്വപ്പുറത്തുകാരുടെ ജീവിതം സാധാരണ അവസ്ഥയിലെത്താന്‍ ഇനിയും ദിവസങ്ങൾ ഏറെ വേണം. കുടിവെള്ള സ്രോതസുകള്‍  ക്ലോറിനേഷന്‍ നടത്തി ശുദ്ധികരിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. വീട്ടുപകരണങ്ങളുള്‍പ്പെടെ കൈവിട്ടുപോയതെല്ലാം എങ്ങിനെ സ്വരുക്കൂട്ടുമെന്ന ആശങ്കയിലാണ് ഇവിടുത്തുകാര്‍. നശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തി മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.