മുത്തപ്പന്‍പുഴയില്‍ പതിനാല് കുടുംബങ്ങള്‍ വീട്ടിലേക്ക് മടങ്ങാന്‍ ഇനിയും വൈകും

കനത്തമഴയും മണ്ണിടിച്ചിലും കാരണം മുത്തപ്പന്‍പുഴയില്‍ മാറ്റിപ്പാര്‍പ്പിച്ച പതിനാല് കുടുംബങ്ങള്‍ വീട്ടിലേക്ക് മടങ്ങാന്‍ വൈകും. പല വീടുകളുടെയും അറ്റകുറ്റപ്പണിക്ക് പ്രദേശത്ത് തുടരുന്ന കനത്തമഴ തടസമാണ്. പുല്ലൂരാംപാറ സ്കൂളിലും ബന്ധുവീടുകളിലുമാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. 

മറിപ്പുഴത്തോട് ദിശമാറിയൊഴുകിയതിനെത്തുടര്‍ന്നാണ് വീടുകളിലേക്ക് വെള്ളം കയറിയത്. വീടിന്റെ ചുറ്റിലും ചെളിക്കെട്ടായി. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. ഇതെത്തുടര്‍ന്നാണ് ഇവരെ പുല്ലൂരാംപാറയിലെ ദുരിതാശ്വാസ ക്യാംപിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയത്. മഴ തുടരുന്നതിനാല്‍ തോടിന്റെ ഒഴുക്കിന് ശക്തി കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് തല്‍ക്കാലം ക്യാംപുകളില്‍ത്തന്നെ കഴിഞ്ഞാല്‍ മതിയെന്ന തീരുമാനമെടുത്തത്. പഞ്ചായത്തിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ മണ്ണും കല്ലും നീക്കും. മഴയ്ക്ക് ശമനമുണ്ടായാല്‍ ഇവരുടെ മടക്കത്തില്‍ അടുത്തദിവസം തീരുമാനമെടുക്കും.