എല്ലാ സുരക്ഷാ സംവിധാനങ്ങളടങ്ങിയ ആധുനിക ചങ്ങാടത്തിന് വില ലക്ഷങ്ങള്‍ വരും. സ്വകാര്യ ടൂര്‍ ഏജന്‍സികളുടെ റാഫ്റ്റിങ് കാംപിനും മുടക്കണം പതിനായിരങ്ങള്‍. ഇതിനൊന്നും കഴിയാത്തവര്‍ക്ക് വഴികാട്ടുകയാണ് കണ്ണൂര്‍ ചെറുപുഴയിലെ ഒരുപറ്റം യുവാക്കള്‍.
കുത്തിയൊഴുകുന്ന പുഴയില്‍ ഇങ്ങിനെ ആനന്ദം കണ്ടത്തെണമെങ്കില്‍ കയ്യില്‍ നല്ല കാശ് വേണം. അതില്ലാത്തവര്‍ക്ക് പുഴയിലെ കുത്തൊഴുക്കെല്ലാം കരയിലിരുന്ന് കണ്ടാസ്വദിക്കാം.
എന്തായാലും പണമില്ലാത്തതിന്റെ പേരില്‍ പുഴയിലെ ആനന്ദം കളയാന്‍ ചെറുപുഴ സ്വദേശി ബിബിന്‍ ഫിലിപ്പും കൂട്ടരും തയ്യാറല്ല. പോംവഴിയെ കുറിച്ചുള്ള അന്വേഷണമാണ് ലോറികളുടെ ഉപേക്ഷിച്ച ട്യൂബുകളിലേക്കെത്തിച്ചത്. കാറ്റുനിറച്ച് പരസ്പരം ബന്ധിപ്പിച്ചാല്‍ ഒന്നാന്തരം ചങ്ങാടമായി. പരസ്പരം കൂട്ടികെട്ടിയിട്ടുള്ളതിനാല്‍ എല്ലാവര്‍ക്കും ഒന്നിച്ചിറങ്ങുകയും ചെയ്യാം.
വൈറ്റ് വാട്ടര്‍ റാഫ്റ്റിങിന് പേരുകേട്ട കാര്യങ്കോട് പുഴയിലാണ് ബിബിന്റെയും കൂട്ടരുടെയും പരീക്ഷണങ്ങള്‍.ലൈഫ് ജാക്കറ്റടക്കമുള്ള സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ബിബിന്‍ പാവപ്പെട്ടവരുടെ റാഫ്റ്റിങ് പരിപാടിയുമായി കാര്യങ്കോട് പുഴയുടെ ഓളങ്ങളിലുണ്ട്.