ഉരുൾപൊട്ടലിൽ ഒലിച്ചുപോയ മാക്കൂട്ടം ചുരം റോഡിന്റെ താൽക്കാലിക നവീകരണം അന്തിമഘട്ടത്തിൽ. തകർന്ന ഭാഗങ്ങൾ മണൽചാക്ക് ഉപയോഗിച്ച് കെട്ടി ഉയർത്തുന്നത് പൂർത്തിയായി. കർണാടക പൊതുമരാമത്ത് വകുപ്പിന്റെയും കുടക് കലക്ടറുടെയും അനുമതി ലഭിച്ചാൽ വാഹനങ്ങൾ കടത്തിവിടും.കൂട്ടുപുഴയ്ക്കും വീരാജ്പേട്ടയ്ക്കും ഇടയിൽ മൂന്നിടങ്ങളിലാണ് റോഡ് ഒഴുകി പോയത്. ഇവിടെ മണൽചാക്കുപയോഗിച്ച് താൽക്കാലികമായി കെട്ടി ഉയർത്തി. എന്നാൽ പാലത്തിലും റോഡരികിമെല്ലാം വീണ് കിടക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്ന ജോലികൾ തുടരുകയാണ്. ഈമാസം പന്ത്രണ്ടുവരെയാണ് ഗതാഗതം നിരോധിച്ചത്. അതിന് മുൻപ്തന്നെ വാഹനങ്ങൾ കടത്തിവിടാനുകുമെന്ന പ്രതീക്ഷയിലാണ് കുടക് ജില്ലാ ഭരണകൂടം. ഗതാഗതം നിരോധിച്ചതോടെ കേരള കർണാടക അതിർത്തി ഗ്രാമത്തിലെ ജനങ്ങളാണ് കൂടുതൽ ദുരിതത്തിലായത്.കണ്ണൂരിൽനിന്ന് മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാനന്തവാടി വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. മക്കൂട്ടം ചുരം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന കേരള മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് കർണാടക സർക്കാർ നവീകരണ ജോലികൾ വേഗത്തിലാക്കിയത്