കുറ്റ്യാടി ചുരത്തിന് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

kuttiyadi-churam-t
SHARE

കുറ്റ്യാടി ചുരത്തില്‍ ഗതാഗതസ്തംഭനം രൂക്ഷമായതോടെ ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ഹെയര്‍പിന്‍ വളവുകള്‍ പൂര്‍ണമായി ഒഴിവാകുന്ന പൂതംപാറ– പക്രന്തളം ജംഗ്ഷന്‍ ബദല്‍പാതയോടുള്ള അവഗണന ഇപ്പോഴും തുടരുകയാണ്. റോഡില്ലാത്തതിനാല്‍ പ്രദേശത്തുള്ള ഇരുനൂറോളം കുടുംബങ്ങളും ദുരിതത്തിലാണ്. 

സാധാരണ അത്ര തിരക്കില്ലാത്ത കുറ്റ്യാടി ചുരത്തില്‍ ഇപ്പോള്‍ തിരക്കോട് തിരക്കാണ്. ഗതാഗത സ്തംഭനവും രൂക്ഷം. താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം മുടങ്ങിയതോടെ വാഹനങ്ങളെല്ലാം കുറ്റ്യാടി ചുരത്തെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് തിരക്കിന് കാരണം. ഈ സാഹചര്യത്തിലാണ് പൂതംപാറയില്‍ നിന്ന് ചൂരണി വഴി പക്രന്തളം ജംഗ്ഷനില്‍ എത്തുന്ന ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്. ഒരു കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍  കെ.എസ്.ആര്‍.ടി.സി  സര്‍വീസ് നടത്തിയിരുന്നുവെങ്കിലും അധികം വൈകാതെ നിലച്ചു. നിലവില്‍ ചൂരണി വരെ മൂന്നു കിലോമീറ്റര്‍ മാത്രമാണ് ഗതാഗത യോഗ്യം. ഏഴു കിലോമീറ്റര്‍  പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. മണ്ണിടിച്ചില്‍ രൂക്ഷമായ കുറ്റ്യാടി ചുരത്തില്‍ എപ്പോള്‍ വേണമെങ്കിലും ഗതാഗതം തടസപ്പെടാം. അത്തരം ഘട്ടത്തില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പ്രധാന റോഡ് കൂടിയാണിത്. 

ഉരുള്‍പൊട്ടല്‍ മേഖല കൂടിയാണ് ചൂരണി. ഒരു ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്ത് എത്തിച്ചേരണമെങ്കില്‍ മണിക്കൂറുകള്‍ എടുക്കും. അതിനാല്‍ തന്നെ ബദല്‍ റോഡ് എത്രയും വേഗം യാഥാര്‍ഥ്യക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അവഗണന തുടര്‍ന്നാല്‍ സമര പരിപാടികളിലേയ്ക്ക് നീങ്ങാനാണ് ആലോചന. 

MORE IN NORTH
SHOW MORE