ഒറ്റപ്പാലം മേഖലയിൽ മഴക്കാല രോഗങ്ങൾ പടരുന്നു

വേനൽ മഴയ്ക്കൊപ്പം പാലക്കാട് ഒറ്റപ്പാലം മേഖലയിൽ മഴക്കാല രോഗങ്ങളും പടരുന്നു. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിതർ ഉൾപ്പെടെ 625 പേരാണ് താലൂക്ക് ആശുപത്രിയിൽ മാത്രം ചികിൽസ തേടിയത്.

കാലവർഷം പോലെ വേനല്‍മഴ കനത്തു. പകർച്ചവ്യാധികൾ പടരുകയാണ്. പ്രതിദിനം ശരാശരി നാൽപ്പതു പേരാണ് പനി ഉള്‍പ്പെടെയുളള മഴക്കാല രോഗങ്ങളുമായി ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ എത്തുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ ചികില്‍സ തേടിയത് 625 േപര്‍. പത്തിലധികം പേര്‍ ഒരോ ദിവസവും കിടത്തി ചികില്‍സയ്ക്ക് വിധേയമാകുന്നു.

പകർച്ചപ്പനി, വയറിളക്കം പോലുള്ള അസുഖങ്ങൾക്കൊപ്പം താലൂക്ക് ആശുപത്രിയിൽ ചികില്‍സ തേടിയെത്തിയവരില്‍ ഡെങ്കിപ്പനിയും സ്ഥിരികരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മൂന്നു പേര്‍ ചികിൽസയിലുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. മരുന്നും മെച്ചപ്പെട്ട ചികില്‍സയും ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.