kozhikode-poonur-river-1

നാട്ടുകാരുടെ നന്മ പൂനൂർ പുഴയ്ക്കു പുതുജീവനാകുന്നു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടിയ പുഴയിൽ ജനകീയ ശുദ്ധീകരണത്തിനാണ് തുടക്കമിടുന്നത്. വിവിധ കോളജുകളിലെ എന്‍.എസ്.എസ്.വിദ്യാര്‍ഥികളെ സംഘടിപ്പിച്ചാണ് സംരക്ഷണ പദ്ധതി വ്യാപിപിക്കുന്നത്. ഒരു വര്‍ഷം നീളുന്ന കര്‍മപദ്ധതിക്ക് കോഴിക്കോട് ജില്ലാപഞ്ചായത്ത് നേതൃത്വം നല്‍കും.

പലയിടങ്ങളിലും കാലങ്ങളായി നടക്കുന്ന പുഴ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ കര്‍മസേനയക്ക് രൂപം നല്‍കുന്നത്. ഇതിനായി പ്രത്യേക പരിശീലന ക്ലാസും നടത്തി. പുഴയുടെ ഉല്‍ഭവം മുതല്‍ ശുചീകരിക്കാനാണ് പദ്ധതി. നബാർഡിന്റെ ജലസംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായാണ് ‘പുഴസംരക്ഷണം – വേണം ഉറവിടം തൊട്ട് ’ എന്നപേരിലുള്ള പദ്ധതി നടപ്പാക്കുന്നത്. പുഴയുടെ ഏതെങ്കിലും ഒരുഭാഗത്തുനിന്ന് തുടങ്ങുന്ന ശുചീകരണം ഫലപ്രദമല്ലെന്നു കണ്ടെത്തിയതിനിത്തുടർന്നാണ് ഉറവിടം മുതൽ ഘട്ടംഘട്ടമായി ഒഴുക്കിന്റെ ദിശയിൽതന്നെ വൃത്തിയാക്കൽ പദ്ധതിയിട്ടിരിക്കുന്നത്. 

ശുചീകരണത്തിനുശേഷം പുഴയിലേക്കുള്ള മാലിന്യനിക്ഷേപം തടയാന്‍ ഒാരോ വാര്‍ഡ് മെമ്പറുമാരുടെയും നേതൃത്വത്തില്‍ ജാഗ്രതാസമിതിയും രൂപീകരിക്കും. കട്ടിപ്പാറയടക്കം 10 ഗ്രാമപഞ്ചായത്തുകളിലൂടെയും കോർപറേഷനിലൂടെയും ഒഴുകുന്ന പുഴയെ അതതു തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റികളെ നിയോഗിച്ചാണ് വൃത്തിയാക്കുന്നത്. ശുചീകരണത്തിന്റെ ഭാഗമായി അടുത്തമാസം പ്രത്യേക പുഴയാത്രയും ഒരുക്കിയിട്ടുണ്ട്.