save-bharatapuzha

പാലക്കാട് ഒറ്റപ്പാലം നഗരസഭയുടെ ഭാരതപ്പുഴ സംരക്ഷണ പദ്ധതിക്ക് തുടക്കം. പൊതുജന പങ്കാളിത്തത്തോടെയാണ് ഭാരതപ്പുഴ വീണ്ടെടുക്കൽ പദ്ധതി നടപ്പാക്കുന്നത്.

ഒറ്റപ്പാലം മായന്നൂർ പാലം പരിസരം മുതൽ കിഴക്കോട്ട് ഒരു കിലോമീറ്റർ ദൂരത്തേക്കാണ് പുഴ വൃത്തിയാക്കുന്നത്. പുൽക്കാടുകൾ വെട്ടിമാറ്റലും മാലിന്യങ്ങൾ നീക്കം ചെയ്യലുമാണ് പുരോഗമിക്കുന്നത്. അനധികൃത മണലെടുപ്പിലൂടെ രൂപപ്പെട്ട കുഴികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു നികത്തുന്നുമുണ്ട്.

അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ സ്കൂൾ, കോളജ് വിദ്യാർഥികളുടെയും സന്നദ്ധ സംഘടനകളുടേയും റസിഡന്റ്സ് അസോസിയേഷനുകളുടേയും പങ്കാളിത്തമുണ്ട്. അഞ്ചു ദിവസം കൊണ്ട് പുഴ വീണ്ടെടുക്കൽ പദ്ധതി പൂർത്തിയാക്കാനാകും. ഇത്തവണ വിജയകരമായാൽ അടുത്ത സാമ്പത്തിക വർഷവും പദ്ധതിക്കു തുക വകയിരുത്താനാണ് നഗരസഭയുടെ ആലോചന.