differently-abled-t

ഭിന്നശേഷി കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. കോഴിക്കോട് കലക്ടറേറ്റിനു മുന്നിലാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ നിരാഹാരം തുടങ്ങിയത്. 

സര്‍വശിക്ഷാ അഭിയാന്‍ വഴി വിദ്യാര്‍ഥികള്‍ക്ക് കിട്ടിയിരുന്ന ഉപകരണങ്ങളുടെ വിതരണം നിലച്ചിട്ട് മാസങ്ങളേറെയായി. സുതാര്യമായ വിതരണത്തിനെന്ന പ്രഖ്യാപനവുമായി അലിംകോ കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ കമ്പനി ഗുരുതരമായ വീഴ്ച വരുത്തിയതായി പരാതിയുണ്ട്. കണ്ണട, ശ്രവണ സഹായി, വീല്‍ച്ചെയര്‍ എന്നിവ പലസ്ഥലത്തും വിതരണം ചെയ്തില്ല. സാമ്പത്തിക നഷ്ടം വര്‍ധിച്ചതോടെ എസ്.എസ്.എ ആനുകൂല്യങ്ങളും കുട്ടികള്‍ക്ക് നഷ്ടമായി. പരാതികള്‍ നിരവധി തവണം നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് കലക്ടറേറ്റിനുമുന്നില്‍ മാതാപിതാക്കള്‍ ഒത്തുകൂടിയത്.

ആശ്വാസകിരണം പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ട തുകയും നിലച്ചു. രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള സംരക്ഷണകേന്ദ്രവും കടലാസില്‍ഒതുങ്ങി

സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സമരം സെക്രട്ടേറിയറ്റിന് മുന്നിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനാണ് രക്ഷിതാക്കളുടെ തീരുമാനം.