രോഗികളെ പരിശോധിക്കാതെ ആശുപത്രി ജീവനക്കാരുടെ പണിമുടക്ക്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാതെ ആശുപത്രി ജീവനക്കാരുടെ പണിമുടക്ക്. കഴിഞ്ഞ ദിവസം  നഴ്സിനെ മര്‍ദിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് മൂന്നു മണിക്കൂര്‍ പണിമുടക്കിയത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ രോഗികളും നാട്ടുകാരും സംഘടിച്ചതോടെ പൊലീസിനും ഇടപെടേണ്ടിവന്നു.

പതിനഞ്ചു കിലോമീറ്റര്‍ അകലെ നൊച്ചുളളിയില്‍ നിന്ന് പുലര്‍ച്ചെ നടന്നും ഒാട്ടോവിളിച്ചും ചികില്‍സക്കെത്തിയ ഇൗ അമ്മയെപ്പോലെ നിരവധി പേരാണ് ചികില്‍സ കിട്ടാതെ വലഞ്ഞത്. ബസ് സമരം ആയിട്ടും അട്ടപ്പാടി ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ നിന്ന് ചികില്‍സക്കെത്തിയ രോഗികളോട് മനസാക്ഷി കാട്ടാന്‍ ആശുപത്രി ജീവനക്കാര്‍ക്കായില്ല. സംഘടിത ശക്തിക്കു മുന്നില്‍ സാധാരണക്കാരായ രോഗികളെ വെല്ലുവിളിച്ച് സമരം ചെയ്തു. കഴിഞ്ഞ ദിവസം ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്നാരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ നഴ്സിനെ മര്‍ദിച്ചിരുന്നു, ഇതില്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്.

ആശുപത്രി ജീവനക്കാര്‍ക്കെതിരെ രോഗികളും നാട്ടുകാരും യുവജനസംഘടനകളും രംഗത്തെത്തിയതോടെ പൊലീസിന് ഇടപെടേണ്ടിവന്നു. പ്രതികളെ ഉടന്‍പിടികൂടാമെന്ന് ഡിവൈഎസ്പി ഉറപ്പുനല്‍കിയാണ് സമരം പിന്‍വലിപ്പിച്ചത്. എന്നിട്ടും രോഗികളെ പരിശോധിക്കാതെ ജോലി ഉഴപ്പുന്ന കാഴ്ച വീണ്ടും പ്രതിഷേധത്തിനിടയാക്കി. ആശുപത്രി ജീവനക്കാരുടെ നിഷേധാന്മക നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.