കോടഞ്ചേരിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നാലംഗ കുടുംബത്തിന്റെ പ്രതിഷേധം

കോഴിക്കോട് കോടഞ്ചേരിയില്‍ യുവതിയെ ആക്രമിക്കുന്നതിനിടയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നാലംഗ കുടുംബത്തിന്റെ പ്രതിഷേധം. താമരശേരി സ്വദേശി സിബി ചാക്കോയാണ് ഭാര്യയെയും മക്കളെയും കൂട്ടി കോടഞ്ചേരി സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. സി.പി.എം പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നാണ് ആക്ഷേപം. 

കഴിഞ്ഞമാസം 28 ന് രാത്രിയിലാണ് താമരശേരി തേനംകുഴിയില്‍ സിബി ചാക്കോയ്ക്കും ഭാര്യ ജ്യോല്‍നസനയ്ക്കും രണ്ട് മക്കള്‍ക്കും മര്‍ദനമേറ്റത്. അയല്‍വാസിയുടെ നേതൃത്വത്തിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗര്‍ഭിണിയായ ജ്യോല്‍സനയുടെ വയറില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് രക്തസ്രാവമുണ്ടായി. ജ്യോല്‍സനയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. ഒരാഴ്ചത്തെ ചികില്‍സയ്ക്കു ശേഷമാണ് കുടുംബത്തിന് ആശുപത്രി വിടാനായത്. ആക്രമണം നടത്തിയവരില്‍ ഒരാള്‍ പിടിയിലായി. യഥാര്‍ഥ പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്നാരോപിച്ചാണ് കുടുംബത്തിന്റെ പ്രതിഷേധം. 

ഭരണകക്ഷിയില്‍പ്പെട്ടവരായതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം. ബോധപൂര്‍വം പൊലീസ് ഇവര്‍ക്ക് സംരക്ഷണമൊരുക്കുന്നു. വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയിലെ ഉന്നതനെ പരാതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. നവമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുകയാണ്. ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉടലെടുത്തപ്പോഴാണ് സ്റ്റേഷന് മുന്നില്‍ സമാരംഭിച്ചത്. ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് മുഖ്യമന്ത്രിയ്ക്കുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും സിബി ചാക്കോ പറയുന്നു.