malabar-craft-mela-1

പതിനാലു ദിവസം പാലക്കാടിനെ വിസ്മയിപ്പിച്ച മലബാര്‍ ക്രാഫ്റ്റ് മേള ഇന്നു രാത്രിയില്‍ സമാപിക്കും. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ക്രമീകരിച്ച ആയിരത്തിലധികം കരകൗശല ഉല്‍പ്പങ്ങളാണ് മേളയെ ആകര്‍ഷകമാക്കുന്നത്. പരമ്പരാഗതമേഖലയില്‍ ഉപജീവനം തേടുന്നവര്‍ക്ക് പ്രോല്‍സാഹനവുമായാണ് സംസ്ഥാന വ്യവസായ വകുപ്പ് മലബാര്‍ ക്രാഫ്റ്റ് മേള ഒരുക്കിയത്. പൂര്‍ണമായും ഒാലക്കുടിലുകളില്‍ ക്രമീകരിച്ച കരകൗശല മേള വേറിട്ടതായി. 

പതിനെട്ടു സംസ്ഥാനങ്ങളില്‍ നിന്നായി 155 കരകൗശല വിദഗ്ധരും കേരളത്തില്‍ നിന്ന് നൂറുപേരും ശ്രീലങ്കയില്‍ നിന്ന് പത്തുപേരുമാണ് മേളയുടെ ഭാഗമായത്്. ചെറുതുംവലുതുമായി കെട്ടിലുംമട്ടിലും കൗതുകമാകുന്ന ഉല്‍പ്പന്നങ്ങളാണ് കാഴ്ചയാകുന്നത്. മുളയിലും തുകലിലും കളിമണ്ണിലും തീര്‍ത്ത ഉല്‍പ്പന്നങ്ങളും ചിത്രങ്ങളും പൂക്കളും കൈത്തറി ,ഫാഷന്‍ വസ്ത്രങ്ങളുമൊക്കെ ആകര്‍ഷകം. രുചികരമായ ഭക്ഷണവിഭവങ്ങളുമായി വിവിധ സ്റ്റാളുകളും ക്രമീകരിച്ചിരിക്കുന്നു. ആറുവര്‍ഷത്തിനുശേഷമാണ് ഇത്തരമൊരു മേളയ്ക്ക് പാലക്കാട് സ്ഥലമൊരുക്കിയത്. മന്ത്രിമാരും ജനപ്രതിനിധികളും വിവിധ ദിവസങ്ങളില്‍ മേളയുടെ ഭാഗമായി. ഇന്നു രാത്രി സംഗീതപരിപാടികളോടെ ക്രാഫ്റ്റ് മേള സമാപിക്കും.