എംപ്ലോയ്്മെന്‍റ് എക്സേഞ്ചിന്‍റെ അശ്രദ്ധ മൂലം നാല്‍പത്തിയഞ്ചുകാരിക്ക് അവസരം നഷ്ടപ്പെട്ടതായി പരാതി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനിയാണ് താമരശേരി എംപ്ലോയ്മെന്‍റ് എക്സേഞ്ചിലെ ജീവനക്കാരുടെ അനാസ്ഥ മൂലം വലഞ്ഞത്. സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തിനായി രണ്ടു വര്‍ഷം മുന്പാണ് ജ്യോതി എംപ്ലോയ്മെന്‍റ് എക്സേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്തത്. ഏറെ കാത്തിരുന്നിട്ടും ഒരു അഭിമുഖത്തിന് പോലും വിളിച്ചില്ല.
കാര്യമന്വേഷിച്ചപ്പോഴാണ് ഞെട്ടിയത്. 2016 ഡിസംബര്‍ 24ന് അവര്‍ ജോലിയില്‍ ചേര്‍ന്നു എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. അതായത് മറ്റാരോ ജോലിയില്‍ കയറിയത് ഇവരാണെന്ന് തെറ്റിദ്ധരിച്ചു. അന്വേഷണത്തിനൊടുവിലാണ് അത് മറ്റൊരു ജ്യോതിയാണെന്ന് വ്യക്തമായത്. ചെറുതും വലുതുമായ നൂറു കണക്കിന് അവസരങ്ങളാണ് രണ്ടു വര്‍ഷത്തിനിടയില്‍ ജ്യോതിക്ക് നഷ്ടപ്പെട്ടത്. സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടാനായി ജ്യോതി കോടതിയെ സമീപിക്കും.