തലശേരിയോട് സർക്കാരിന് അവഗണന

തലശേരിക്കൊപ്പം നഗരസഭാ പദവി ലഭിച്ച എല്ലാ നഗരങ്ങളും കോർപറേഷനായിട്ടും മാറിവരുന്ന സംസ്ഥാന സർക്കാരുകൾ തലശേരിയെ മാത്രം അവഗണിക്കുകയായിരുന്നു. തലശേരിയെക്കാളും ജനസംഖ്യയും ഭൂവിസ്തൃതിയും കുറവായ കണ്ണൂർപോലും കോർപറേഷനായി പ്രഖ്യാപിക്കപ്പെട്ടിട്ടും തലശേരിയെ തഴഞ്ഞതിൽ പൊതുജനത്തിനും അമർഷമുണ്ട്. നഗരത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ കോർപറേഷൻ പദവി അത്യാവശ്യമാണെന്ന് പറയുന്നവരും തലശേരിയിലുണ്ട്. 

പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിൽ ബ്രിട്ടീഷുകാർ എത്തിയതോടെയാണ് തലശേരി വളരാൻ തുടങ്ങിയത്. 1801മുതൽ ഉത്തര മലബാറിന്റെ ആസ്ഥാനമായിരുന്ന തലശേരി. എന്നാൽ കേരള പിറവിയോടെ ചരിത്ര നഗരത്തിന്റെ വളർച്ചയും ചരിത്രത്തിലായി. ജില്ലാ ആസ്ഥാന പദവി പോലും ലഭിച്ചില്ല. ലോക്സഭ മണ്ഡലം കണ്ണൂരിലേക്കും വടകരയിലേക്കുമായി മാറ്റി. ക്രിക്കറ്റിന്റെയും സർക്കസിന്റെയും കേക്കിന്റെയും നാടായ തലശേരിക്ക് പഴയകാല പ്രൗഢി തിരികെ ലഭിക്കണമെങ്കിൽ കോർപറേഷൻ പദവിതന്നെ വേണമെന്ന് വാദിക്കുന്നവരുമുണ്ട്. തലശേരിക്കൊപ്പം നഗരസഭയായ കോഴിക്കോട് 1962ൽ കോർപറേഷനായി. പിന്നീട് കേരളത്തിൽ കോർപറേഷനായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളെല്ലാം നഗസഭകളായത് തലശേരിക്ക് ശേഷമാണ്.