കാൻസർ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പകരം മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മിക്കാന്‍ നീക്കം

മലപ്പുറത്ത് പ്രഖ്യാപിച്ച കാൻസർ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പകരം അതേ ഭൂമിയില്‍ മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം. മലപ്പുറത്ത് 340 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുമെന്ന് പറഞ്ഞ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതി ഉപേക്ഷിച്ച വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്. 

കേരള വ്യവസായ വികസന കോര്‍പറേഷന്‍റെ ഉടമസ്തതയിലുളള 25 ഏക്കര്‍ ഭൂമിയിലാണ് കാൻസർ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്. കാൻസർ ചികില്‍സക്ക് കേരളത്തില്‍ ഒട്ടേറെ ചികില്‍സ കേന്ദ്രങ്ങള്‍ വേറെയുളളതുകൊണ്ട് മലപ്പുറത്തെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതി ഉപേക്ഷിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. തിരിച്ചെടുത്ത ഈ ഭൂമിയില്‍ ഖരമാലിന്യ സംസ്കരണ പ്ലാന്‍റ് തുടങ്ങാന്‍ പദ്ധതി തയാറാക്കി. കെ.എസ്.ഐ.ഡി.സി മാലിന്യ സംസ്കരണ യൂണിറ്റിനായി ഈ ഭൂമി മാര്‍ക്ക് ചെയ്ത് സര്‍ക്കാരിന് നല്‍കി കഴിഞ്ഞു. ജില്ലയില്‍ നിന്ന് ശേഖരിക്കുന്ന ഖരമാലിന്യം വ്യവസായ കേന്ദ്രത്തിലെ മാലിന്യ പ്ലാന്റിലെത്തിച്ച് സംസ്കരിക്കുന്നതാണ് പദ്ധതി. ക്യാന്‍സര്‍ ആശുപത്രി വേണ്ടന്ന വച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് എതിരേയും പ്രതിഷേധമുണ്ട്. 

300 കിടക്കകളും ആധുനിക ചികില്‍സ സൗകര്യങ്ങളുമുളള കാൻസർ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടിയായിരുന്നു മലപ്പുറത്തിന്റെ കാത്തിരുപ്പ്. ഒരു കോടി രൂപയോളം ചെലവഴിച്ച് ഭൂസര്‍വേയും പ്രൊജക്ട് റിപ്പോര്‍ട്ടും തയാറാക്കിയ ശേഷമാണ് പദ്ധതിയില്‍ നിന്ന് അപ്രതീക്ഷിതമായി സര്‍ക്കാര്‍ പിന്‍മാറിയത്.