വയനാട്ടിൽ മനുഷ്യാവകാശകമ്മീഷന്‍ വിളിച്ചുചേര്‍ത്ത സിറ്റിങ്ങില്‍ പരാതി പ്രളയം

വയനാട്ടില്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മനുഷ്യാവകാശകമ്മീഷന്‍ വിളിച്ചുചേര്‍ത്ത സിറ്റിങ്ങില്‍ പരാതികളുടെ പ്രളയം. ജില്ലയിലെ ആദിവാസി വിഭാഗക്കാര്‍ വലിയ മനുഷ്യവകാശലംഘനങ്ങള്‍ നേരിടുന്നുണ്ടെന്നും ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചകള്‍ തുടരുന്നെന്നും ചെയര്‍മാന്‍ പറഞ്ഞു.ജില്ലാ കലക്ടര്‍, വിവിധവകുപ്പ് മേധാവികള്‍, ഊരുമൂപ്പന്‍മാര്‍ എന്നിവരാണ് സിറ്റിങ്ങില്‍ പങ്കെടുത്തത്. 

കമ്മീഷനുമുന്നില്‍ പരാതികള്‍ അവതരിപ്പിച്ചു. ആദിവാസിമേഖലയിലെ ഒട്ടും കാര്യക്ഷമമല്ലാത്ത ആരോഗ്യസംവിധാനങ്ങള്‍, റേഷന്‍കാര്‍ഡിലെ പ്രശ്നങ്ങള്‍, വിവിധ സാമൂഹ്യക്ഷേമ പദ്ധതികളിലെ ക്രമക്കേടുകള്‍ തുടങ്ങിയവ ബോധ്യപ്പെട്ടെന്ന് കമ്മിഷന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വീശദീകരണം തേടി. പല ഉദ്യോഗസ്ഥര്‍ക്കും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. 

പ്രശ്നങ്ങള്‍ പെട്ടന്ന് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഭവന നിര്‍മ്മാണമേഖലയില്‍ നിന്നാണ് കൂടുതല്‍ പരാതികളെത്തിയത്. കരാറുകാര്‍ക്ക് സഹായകമായ നിലവിലുള്ള രീതി മാറ്റണമെന്നായിരുന്നു സിറ്റിങ്ങിലുയര്‍ന്ന പ്രധാനപ്പെട്ട അഭിപ്രായങ്ങളിലൊന്ന്. അദാലത്തില്‍ 90 കേസുകള്‍ പരിഗണിച്ചു. ഏഴെണ്ണം തീര്‍പ്പാക്കി. പുതുതായി അമ്പതോളം കേസുകളും ലഭിച്ചു.