പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരണ പദ്ധതി ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതായി ആരോപണം. ശിലാസ്ഥാപനം നടത്തി രണ്ടുവര്‍ഷമായിട്ടും നിര്‍മാണം തുടങ്ങിയില്ല. പണം അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചേരിതിരിവാണ് പദ്ധതിക്ക് തിരിച്ചടിയായത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ആ ശിലാസ്ഥാപനത്തിലൊതുങ്ങി കാര്യങ്ങളെല്ലാം. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം കെട്ടിട നിര്‍മാണത്തിന്റെ പ്ളാനും പദ്ധതിയുമൊക്കെ കെഎസ്ആര്‍ടിസിയിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ മാറ്റിവച്ചു. പല കാരണങ്ങള്‍ പറഞ്ഞ് തര്‍ക്കങ്ങളും ചര്‍ച്ചകളും ഒരോ ദിവസവും തുടരുകയാണ്. പൊട്ടിപ്പൊളിഞ്ഞ സ്റ്റാൻഡിലൂടെ പൊരിവെയിലത്ത് ബസ് കയറാന്‍ പാടുപെടുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് ഇവിടെ രാഷ്ട്രീയം കളിക്കുന്നവര്‍ കാണുന്നതേയില്ല.
ആറേമുക്കാല്‍കോടി രൂപയുടെ കണക്ക് പറഞ്ഞ് പണം അനുവദിച്ച ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും ഇനി ഇവിടെ എന്ന് കെട്ടിടനിര്‍മാണം നടക്കുമെന്ന് അറിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചയായ വിഷയം കൂടിയായിയിരുന്നു കെഎസ്ആര്‌ടിസിയുടെ കെട്ടിടനിര്‍മാണം. ഇതിനോടകം യുവജനസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവും സമരവുമൊക്കെ നിരവധി നടത്തി. ശിലാസ്ഥാപനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടേതായിരുന്നു പ്രതിഷേധം.
കെഎസ്ആര്‍ടിസിയുടെ കെടുകാര്യസ്തയും ഉദ്യോഗസ്ഥ രാഷ്ട്രീയ ചേരിതിരിവുമാണ് വികസനത്തിന്് തടസമായിട്ടുളളത്.