ഒറ്റപ്പാലം മായന്നൂർ പാലത്തിലെ തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടെന്ന് സൂചന. സ്പാനുകൾക്കിടയിൽ അപകടകരമായ നിലയിൽ വലിയ വിടവ് രൂപപ്പെട്ടതാണ് ആശങ്ക സൃഷ്ടിക്കുന്നത്. പാലത്തിനു മധ്യഭാഗത്തായി സ്പാപാനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് തകർന്നാണു വിടവ് രൂപപ്പെട്ടത്. നടപ്പാതയോടു ചേർന്ന് ഒരടിയോളം അകലത്തിലുളള വിടവിൽ വഴിയാത്രക്കാരുടെ കാൽ കുരുങ്ങാൻ സാധ്യതയുണ്ട്.
വിടവിന്റെ അകലം വർധിച്ചാൽ ചെറുവാഹനങ്ങളുടെ ചക്രങ്ങളും വീഴും. സ്പാനുകൾക്കിടയിലെ വിടവ് കൈവരിയോടു ചേർന്ന നടപ്പാതയിലേക്കും വ്യാപിച്ചു കഴിഞ്ഞു. വാഹനങ്ങൾ കടന്നു പോകുമ്പോൾ കുലുക്കവും അനുഭവപ്പെടുന്നു. നിര്‍മാണത്തിലെ അപാകതയാകാം കാരണമെന്നാണ് ആക്ഷേപം.
കോടികൾ മുടക്കി 2011 ജനുവരിയിലാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയും തൃശൂർ ജില്ലയിലെ മായന്നൂരിനേയും ബന്ധിപ്പിച്ചു ഭാരതപ്പുഴയ്ക്ക് കുറുകെ പാലം നിർമാണം നിര്‍മിച്ചത്. സാങ്കേതിക തടസങ്ങളിൽ കുരുങ്ങി 12 വർഷത്തോളമായിരുന്നു നിര്‍മാണകാലയളവ്.