ഫ്ലാഷ് മോബ് പ്രതിഷേധ മാർഗമല്ലെന്ന് എം മുകുന്ദൻ

ഫ്ലാഷ്മോബ് പ്രതിരോധമോ പ്രതിഷേധമാർഗമോ അല്ലെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. മലപ്പുറം നിലമ്പൂരിൽ മലയാള മനോരമ സംഘടിപ്പിച്ച എഴുത്തുപുര സാഹിത്യ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ രസിപ്പിക്കാനും ആഘോഷമാക്കാനുമുള്ള നൃത്തപരിപാടി മാത്രമാണ് ഫ്ലാഷ്മോബ്. ഈ നൃത്തത്തെ പ്രതിരോധ ആയുധമാക്കാൻ ശ്രമിച്ചാൽ വിപരീത ഫലമാണുണ്ടാവുകയെന്നും എം. മുകുന്ദൻ പറഞ്ഞു.

താൻ കൊടി പിടിക്കുന്ന പാർട്ടി അംഗമല്ലെങ്കിലും ഇടതുപക്ഷക്കാരനാണ്. ഇടത് അനുഭാവിക്ക് ഇടതുപക്ഷത്തെ വിമർശിക്കാൻ അവകാശമുണ്ടന്നും എം. മുകുന്ദൻ പറഞ്ഞു. മലയാള മനോരമ സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന എഴുത്തുപുര സാഹിത്യ ക്യാംപിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. സാഹിത്യ, മാധ്യമ രംഗത്തുള്ള പ്രമുഖരാണ് വിവിധ സെഷനുകളിൽ ക്ലാസുകളെടുക്കുന്നത്. മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, ചീഫ് ന്യൂസ് എഡിറ്റർ ജേക്കബ് ജോൺ തുടങ്ങിയവരും പങ്കെടുത്തു.