അപകടപരമ്പര സൃഷ്ടിച്ച് റോഡിലെ കുഴി; പൊതുമരാമത്തിന് അനക്കമില്ല

ഒറ്റപ്പാലം ചെര്‍പ്പുളശേരി റോഡ് തകര്‍ന്ന് അപകടങ്ങള്‍ പതിവായിട്ടും പൊതുമരാമത്തിന് അനക്കമില്ല. കഴിഞ്ഞദിവസം സ്വകാര്യബസും രണ്ടു മാസം മുന്‍പ് ഒാട്ടോറിക്ഷയും അപകടത്തില്‍പ്പെട്ടിരുന്നു. ഇരുചക്രവാഹനയാത്രക്കാരും റോഡിലെ കുഴികളില്‍ വീണ് പരുക്കേല്‍ക്കുകയാണ്. 

ഒറ്റപ്പാലം _ ചെർപ്പുളശ്ശേരി റോഡിൽ തോട്ടക്കര ഭാഗത്തെ കുഴിയാണ് അപകടപരമ്പര സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം ഇതേ റോഡിലെ വലിയ കുഴിയിൽ ചാടിയ ബസിന്റെ ലീഫ് ഒടിഞ്ഞ് നിയന്ത്രണം വിട്ടു മറിഞ്ഞ് 26 പേർക്ക് പരുക്കേറ്റിരുന്നു. രണ്ടര മാസം മുൻപ് കുഴി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ കാറിലിടിച്ചു മറിഞ്ഞ് കോതകുറുശി സ്വദേശി മരിച്ചു. ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ് പരുക്കേറ്റവരും നിരവധി. 

ആദ്യ അപകടത്തിനു ശേഷം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് ഒറ്റപ്പാലം എംഎൽഎ കുഴിയിപ്പിന് നിർദേശം നൽകിയിരുന്നതാണ്. അനുവദിക്കപ്പെട്ട ഫണ്ട് തീർന്നെന്നാണ് പൊതുമരാമത്തിന്റെ വിശദീകരണം. ഇനി 20 ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി കിട്ടുന്നതുവരെ യാത്രക്കാര്‍ ക്ഷമയോടെ കാത്തിരിക്കേണ്ട അവസ്ഥയാണുളളത്.