പയ്യന്നൂർ റെയിൽവേ ക്വാർട്ടേഴ്‌സുകൾ കാടുകയറി നശിക്കുന്നു

കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർക്ക് താമസിക്കാനായി നിർമിച്ച ക്വാർട്ടേഴ്‌സുകൾ കാടുകയറി നശിക്കുന്നു. സാമൂഹിക വിരുദ്ധർ താവളമാക്കിയ കെട്ടിടം നവീകരിക്കാൻപോലും റെയിൽവേ തയ്യാറായിട്ടില്ല. ക്വാർട്ടേഴ്സില്ലാത്തതിനാൽ വാടകമുറികളിലാണ് ജീവനക്കാർ താമസിക്കുന്നത്. 

റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ആറ് ക്വാർട്ടേഴ്സുകളാണ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ കാടുകയറി കിടക്കുന്നത്. ചുമരകൾ നിലംപൊത്തുകയും ചെയ്തു. മദ്യപാനികളുടെയും കൊള്ളക്കാരുടെയും താവളമായി ഈ കെട്ടിടങ്ങൾ മാറി. മാസങ്ങൾക്ക് മുൻപ് റെയിൽവേ സ്റ്റേഷനിൽ നടന്ന കൊലപാതകത്തിലെ പ്രതി ഒളിച്ചിരുന്നതും ഇവിടെയാണ്. നാട്ടുകാർക്കും യാത്രക്കാർക്കും ശല്യമായി മാറിയ കെട്ടിടം റെയിൽവേ ജീവനക്കാർക്കും ഉപകാരപ്പെടുന്നില്ല. ജീവനക്കാർക്ക് ആശ്രയം വാടകമുറികളാണ്. 

ഇതിന് മുൻപ് രണ്ട് ക്വാർട്ടേഴ്സുകൾ റെയിൽവേ നവീകരിച്ചിരുന്നെങ്കിലും ജീവനക്കാർക്ക് തുറന്ന് നൽകിയില്ല. ഈ കെട്ടിടങ്ങളും തകർന്ന് തുടങ്ങി.