മുഴുവൻ മത്സ്യതൊഴിലാളികളെയും ബിപിഎൽ പട്ടികയിൽപെടുത്തും: മന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മല്‍സ്യോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മല്‍സ്യത്തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക അദാലത്തും സംഘടിപ്പിച്ചു.

മൽസ്യമേഖലയുടെ വികസനം ലക്ഷ്യംവെച്ചുള്ള മൽസ്യോൽസവം സംഗമത്തിനാണ്  കോഴിക്കോട് ബീച്ച് ഒാപ്പൺ സ്റ്റേജിൽ തുടക്കമായത് . മൂന്നുദിവസം നീണ്ടുനിൽക്കുന്ന തൊഴിലാളി സംഗമത്തിൽ പ്രശ്നപരിഹാര അദാലത്തും, മൽസ്യപ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. മൽസ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള പ്രധാന പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പുതിയാപ്പ, വെള്ളയിൽ ഹാർബർ നവീകരണ പദ്ധതികളും സർക്കാരിന്റെ പരിഗണനയിലുണ്ട്.  തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് തുക വർധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. 

അദാലത്തിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും മന്ത്രി നേരിട്ടു കേട്ടു. പരാതികൾ പരിഹരിക്കാമെന്ന ഉറപ്പും തൊഴിലാളികൾക്ക് നൽകി.  കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ മൽസ്യത്തൊഴിലാളികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.