bronze-industry-t

ഓട് വ്യവസായത്തിൽ കാസർകോടിന്റെ പെരുമ തിരിച്ചു പിടിക്കാനൊരുങ്ങി കേരള മൺപാത്ര നിർമാണ സമുദായ സഭ. പെരിയ കായക്കുളത്തെ ശ്രീ വിഷ്ണു ടൈൽസിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രങ്ങളാണ് നടക്കുന്നത്. 

1972ലാണ് കായക്കുളത്തെ ഓട് കമ്പനി പ്രവർത്തനം തുടങ്ങിയത്. സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്ത് 80 സ്ഥിരം ജീവനക്കാരും 30 പാർട് ടൈം തൊഴിലാളികളുമുൾപ്പെടെ 120 പേർ ജോലി ചെയ്തിരുന്നു. ഖാദി ബോർഡിൽ അഫിലിയേറ്റു ചെയ്ത സൊസൈറ്റി 2000 വരെ മികച്ച രീതിയിൽ പ്രവർത്തിച്ചു.'കോൺക്രീറ്റ് വിപ്ലവം ഓടിനെ മാറ്റി നിർത്തിയതോടെ വിഷ്ണു ടൈൽസിന് ആവശ്യക്കാർ കുറഞ്ഞു. ഇതോടെ പ്രവർത്തനം നിർത്തിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നായി. അങ്ങനെ 2000ൽ കമ്പനിക്ക് താഴുവീണു. പ്രതിസന്ധി ഘട്ടത്തിൽ ഖാദിബോർഡോ സർക്കാരോ സൊസൈറ്റിയുടെ സഹായത്തിനെത്താത്തതും തിരിച്ചടിയായി. കമ്പനി അടച്ചതോടെ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടവും മുടങ്ങി. ഓട് കമ്പനിയുടെ മെഷിനറികൾ വിറ്റാണ് കടം വീട്ടിയത്. പ്രവർത്തനം നിലച്ചെങ്കിലും കാടുമൂടിയ കെട്ടിടവും സ്ഥലവുമുൾപ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ആസ്തി സൊസൈറ്റിക്ക് ഇപ്പോഴുമുണ്ട്.സൊസൈറ്റി പുനരുജീവിപ്പിച്ച് വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതകൾ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. 

ഒരു ഗ്രാമത്തിന്റെ ജീവനാഡിയായിരുന്ന സൊസൈറ്റിയെ കൈവിടാൻ കായക്കുളത്തുകാർ തയ്യാറല്ല. ശ്രീ വിഷ്ണു ടൈൽസ് പുനരുജീവിപ്പിക്കുന്നതിലൂടെ ജില്ലയുടെ ഓട് വ്യവസായത്തിലെ പെരുമ തിരിച്ചു പടിക്കുക കൂടിയാണ് ഇവർ ലക്ഷ്യമിടുന്നത്.