മലപ്പുറത്ത് വണ്ടൂരില്‍ എ.പി.അനില്‍കുമാര്‍ എം.എല്‍.എയ്ക്കെതിരെ ഇടതുപക്ഷത്തിന്റെ തുടര്‍ച്ചയായ സമരത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. പൊലീസ് പിന്തുണയോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ എം.എല്‍.എയെ ആക്രമിക്കുന്നതെന്നാണ് ആക്ഷേപം.
സോളർ കേസിന്റെ പേരിൽ എ.പി. അനിൽ കുമാർ എം.എൽ.എക്ക് എതിരെ നടക്കുന്ന കരിങ്കൊടിസമരം അതിരു കടക്കുന്നൂവെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഉപജില്ല ശാസ്ത്രമേള ഉദ്ഘാടനം ചെയ്യാനെത്തിയ അനിൽ കുമാറിന്റെ വാഹനം വളഞ്ഞു വച്ച് കരിങ്കൊടി ദേഹത്തേക്ക് എറിഞ്ഞു. ഇടതുപക്ഷം വഴി തടയില്ലെന്ന് പൊലീസ് നൽകിയ ഉറപ്പിലാണ് അനിൽകുമാർ സ്ഥലത്തെത്തിയത്. എന്നാൽ പ്രതിഷേധക്കാർ തടഞ്ഞുവച്ച് കരിങ്കൊടി പ്രയോഗം നടത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ കാഴ്ചക്കാരായെന്ന് കോൺഗ്രസ് പറയുന്നു.
കോൺഗ്രസിന് സ്വാധീനമുളള വണ്ടൂരിൽ എം.എൽ.എക്ക് പ്രവർത്തകർ തന്നെ സുരക്ഷ ഒരുക്കുന്നത് പൊലീസ് ഇടപെട്ട് തടയുകയാണന്നും ആരോപണമുയർന്നു. വണ്ടൂരിൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുബോഴെല്ലാം എ.പി. അനിൽ കുമാറിനെ തടയാനാണ് സി.പി.എമ്മിന്റെ നിലവിലെ തീരുമാനം.