കോഴിക്കോട്ടെ ചാത്തമംഗലത്ത് സ്പിരിറ്റ് കലര്‍ത്തിയ മദ്യം കഴിച്ച് രണ്ടു മരണം. നാലു പേര് ചികില്‍സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ആശുപത്രിയില്‍ ഉപയോഗിയ്ക്കേണ്ട സ്പിരിറ്റ് മദ്യത്തില്‍ കലര്‍ത്തി കഴിച്ചതാണ് അപകടകാരണം. സ്പിരിറ്റ് കൈകാര്യം ചെയ്യുന്നതില്‍ അശ്രദ്ധ വരുത്തിയ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കുമെന്ന് കലക്ടര്‍ യു. വി. ജോസ് അറിയിച്ചു.
വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ആറംഗ സംഘം മദ്യപിച്ചത്. മദ്യത്തിന് വീര്യം കൂട്ടാനായി സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ സന്ദീപ് എത്തിച്ച സ്പിരിറ്റും മദ്യത്തില്‍ കലര്‍ത്തി. പിറ്റേന്ന് 54കാരനായ ബാലന് കുഴഞ്ഞു വീണു. ഒപ്പം സന്ദീപും ചേക്കോട്ടിയും അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് മൂവരെയും കോഴിക്കോട് മെഡിയ്ക്കല്‍ കോളജിലേയ്ക്ക് മാറ്റി. രാത്രിയോടെ നില ഗുരുതരമായി. രാവിലെ ബാലന് മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സന്ദീപും.ചേക്കോട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഹരിദാസ്, സുരേഷ്, വേലായുധന് എന്നിവരും ചികില്‍സയിലാണെങ്കിലും ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. സംഭവത്തെ മദ്യ ദുരന്തമായി കാണേണ്ടതില്ലെന്ന് കലക്ടര്‍ യു. വി ജോസ് അറിയിച്ചു. സ്പിരിറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്ത സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാനും കലക്ടര്‍ നിര്‍ദേശം നല്കി.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്ട്ടത്തിലേയ്ക്ക് കടക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.