ശില്പ നിര്‍മാണത്തില്‍ വിസ്മയം തീര്‍ത്ത് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി രതീഷ്. ശബരിമല സന്നിധാനത്തിന്റെ പൂര്‍ണരൂപം മരത്തില്‍ നിര്‍മിച്ചാണ് ഈ കലാകാരന് ശ്രദ്ധേയനാകുന്നത്. ശബരിമലക്കൊപ്പം മലബാറിന്റെ തെയ്യക്കോലങ്ങളും താജ്മഹലും ഉള്‍പ്പെടെയുള്ള ശില്പങ്ങള് മരത്തില്‍ നിര്‍മിച്ച് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ് രതീഷ്
ജന്മനാലഭിച്ച കഴിവുകളെ ശില്പ്പങ്ങളിലേക്കും മാതൃകകളിലേക്കും ആവാഹിച്ച് ശില്പനിര്മാണ രംഗത്ത് പുതുവഴികള്‍ തേടുകയാണ് പയ്യന്നൂര്‍ പെരുവാമ്പ സ്വദേശി രതീഷ്. പ്രസിദ്ധമായ ശബരിമല ക്ഷേത്രത്തിന്റെ മാതൃക അതേപടി മരത്തില്‍ പുനര്‍നിര്‍മിച്ചാണ് രതീഷ് ഒടുവില്‍ കാണികളില്‍ അത്ഭുതം സൃഷ്ടിച്ചത്. വിശ്വാസത്തോടെയും മണ്ഡലകാലത്ത് വ്രതം നോക്കുന്ന അയ്യപ്പന്മാരുടെ അതേ മനസോടും ചിട്ടയോടും കൂടിയാണ് ശബരി മലയുടെ മാതൃക കൊത്തിയുണ്ടാക്കിയത്. പതിനെട്ടാംപടിയും സ്വര്ണത്തില്പൊതിഞ്ഞ ശ്രീകോവിലും നടപ്പന്തലുമെല്ലാം തനിമ ചോരാതെ രതീഷ് കൊത്തിയുണ്ടാക്കി.
മനസില്‍ പതിഞ്ഞ ചിത്രങ്ങള്‍ ശില്പമാക്കുകയാണ് രതീഷിന്റെ രീതി. താജ്മഹല്‍ ,തെയ്യക്കോലങ്ങള്‍ തുടങ്ങിയ ശില്പങ്ങളും ഇതിനോടകം രതീഷ് നിര്‍മിച്ചിട്ടുണ്ട്.ശബരിമല ശില്പം കാണാന്‍ ഒട്ടേറെപേര്‍ രതീഷിന്റെ വീട്ടിലെത്തുന്നുണ്ട്.