തൃശൂർ പുള്ള് പാടത്ത് നെൽപ്പാടത്ത് ഞാറ്റടികൾ ഉപയോഗിച്ച് ഇന്ത്യയുടെയും കേരളത്തിന്റെയും ഭൂപടങ്ങൾ ഒരുക്കി വ്യത്യസ്തമായ പരീക്ഷണം. കൃഷിയുടെ പെരുമ ഉയർത്തുന്നതിനും കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായി സന്നദ്ധ സംഘടനയായ സി.പി. ട്രസ്റ്റിന്റെ പാടത്താണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ കോട്ടയം സ്വദേശി സുഭാഷാണ് ഈ രൂപകൽപ്പനയ്ക്ക് പിന്നിൽ.
പച്ചവിരിച്ച നെല്പാടങ്ങള്ക്കു പകരമാണ് ഈ കാഴ്ച. പ്രത്യേക ഇനത്തില്‍പ്പെട്ട നെല്വിത്തുകള്കൊണ്ട് തയാറാക്കിയ ഞാറ്റടികളാണ് കറുപ്പു നിറത്തിനായി പാടത്തു വിതച്ചത്. ധാരാളം സന്ദർശകർ എത്തുന്ന പുള്ള് പാടത്ത് കാഴ്ചക്കാരുടെ ദൃഷ്ടി പതിയുന്ന വിധത്തിലാണ് ഭൂപടങ്ങൾ ഒരുക്കിയിരിക്കുന്നത്.
പുള്ള് പാടത്തെ പ്രകൃതിദൃശ്യങ്ങൾക്കൊപ്പം ഒരു അധിക കാഴ്ചയായാണ് ഈ ഭൂപട കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് ഈ വേറിട്ട കാഴ്ച കൂടി ആസ്വദിച്ച് മടങ്ങാവുന്നതാണ്.