മുന്തിരിത്തോപ്പുകളിൽ വിശ്രമജീവിതം പങ്കുവയ്ക്കുന്ന ദമ്പതികളുണ്ട് തൃശൂരിൽ. ഡോക്ടറായി പിന്നെ എഞ്ചിനീയറും തുടർന്ന് കർഷകനുമായി ചെമ്പുക്കാവ് സ്വദേശി ഇ.ജെ തോമസും ഭാര്യ റോസ്ലിയും.
നമുക്കിനി മുന്തിരിത്തോട്ടങ്ങളിൽ ചെന്ന് രാപ്പാർക്കാമെന്നാവും ഡോ.ഇ. ജെ തോമസ് തന്റെ പ്രിയപ്പെട്ട റോസ്ലിയോട് പറഞ്ഞിട്ടുണ്ടാവുക. ആശുപത്രികളുടെ തിരക്കുകളും ഉത്തരവാദിത്വങ്ങളും പിന്നിട്ടപ്പോൾ ജീവിതത്തിന്റെ സായാഹ്നം അവർ തിരഞ്ഞെടുക്കുന്നത് മുന്തിരിത്തോപ്പുകളിലാണ്.അവിടെ തിരക്കുകളില്ല, പരസ്പരം പങ്കുവെക്കാൻ ഒരുപാട് ഓർമ്മകളും ഒന്നിച്ചിരിക്കാൻ മുന്തിരിവള്ളികളുടെ തണലും മാത്രം. കമ്പോഡിയൻ മുന്തിരിക്ക് നല്ല പുളിപ്പാണ്. പക്ഷേ ഇവിടെ അത് ഓർമകൾക്കൊപ്പം മധുരിക്കുന്നുണ്ട്.
എല്ല് രോഗ വിദഗ്ധനായ ഇദ്ദേഹം കേരളത്തിലും സൗദിയിലും ജോലി ചെയ്തിട്ടുണ്ട്.പുസ്തകങ്ങൾ വായിച്ച്
സ്വയം എൻജിനീയറിങ് പഠിച്ചു. 13 ആശുപത്രി കെട്ടിടങ്ങൾ നിർമ്മിച്ചു. സ്വന്തം വീടിനും പ്ലാൻ വരച്ചു. വീട്ടമ്മയായ റോസ്ലിയാണ് ആദ്യം കൃഷിയിലേക്ക് എത്തിയത്.
വീട്ടുവളപ്പിലെ 10 സെന്റിലാണ് മുന്തിരിവള്ളികൾ തഴച്ചു വളർന്നത്. മുന്തിരി മാത്രമല്ല മാങ്കോസ്റ്റീൻ, റമ്പൂട്ടാൻ, മൾബറി അങ്ങനെ നീണ്ടു പോകുന്നു കർഷകചരിത്രം.