തൃശൂരിലെ പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു. ഒന്‍പതു സംഘങ്ങള്‍ക്കായി 24 ലക്ഷം രൂപയാണ് അനുവദിച്ചത്.  കഴിഞ്ഞ ഓണത്തിന് നടന്ന പുലിക്കളിയ്ക്കു കേന്ദ്ര ധനസഹായം പ്രഖ്യാപിച്ചിരുന്നു. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇടപ്പെട്ടായിരുന്നു 24 ലക്ഷം രൂപ പ്രഖ്യാപിച്ചത്. പക്ഷേ, പുലിക്കളി കഴിഞ്ഞ് 11 മാസം കഴിഞ്ഞിട്ടും തുക കിട്ടിയില്ല. പുലിക്കളി സംഘങ്ങള്‍ പരാതിയുമായി രംഗത്തെത്തി. 

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കെതിരെ രാഷ്ട്രീയ ആയുധമായി ഇതു എതിര്‍ പാര്‍ട്ടിക്കാര്‍ ഉപയോഗിച്ചിരുന്നു. ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ലോഗോ പതിച്ച് പുലിക്കളി വീഡിയോ ജില്ലാ  ഭരണകൂടം പുറത്തിറക്കണമായിരുന്നു. ഇതേ ലോഗോയില്‍ പുലിക്കളി സ്ഥലത്ത് ഫ്ളക്സും വേണമായിരുന്നു. ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കേന്ദ്ര ടൂറിസം വകുപ്പ് തുക അനുവദിച്ചില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിരന്തരശ്രമഫലമായാണ് പിന്നെ തുക അനുവദിച്ചത്. 

പുലിക്കളി സംഘങ്ങളാകട്ടെ കടക്കെണിയിലായിരുന്നു. കേന്ദ്രധനസഹായം കിട്ടുമെന്ന പ്രതീക്ഷയില്‍ അവര്‍ കടംവാങ്ങിയിരുന്നു. തുക കിട്ടുന്നത് ഏറെ ആശ്വാസമാണെന്ന് പുലിക്കളി സംഘങ്ങളുടെ ഭാരവാഹികള്‍ പ്രതീകരിച്ചു. ഈ വര്‍ഷത്തെ പുലിക്കളിയ്ക്കും കേന്ദ്രധനസഹായം കിട്ടാന്‍ സംഘങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:

Pulikkali financial aid has been sanctioned for nine troupes in Thrissur, totaling 24 lakh rupees. This funding brings much-needed relief to the troupes who were struggling with debt while awaiting the central government's promised assistance.