തൃശൂർ കയ്പമംഗലത്ത് 72 ദിവസമായി കുടിവെള്ള വിതരണം നിലച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ. പ്ലക്കാർഡുകളും ഒഴിഞ്ഞ കുടങ്ങളുമായെത്തി ഗ്രാമസഭ വേദിയിലാണ് പത്താം വാർഡിലെ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്.
രണ്ട് മാസത്തിലേറെയായി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് ചളിങ്ങാട് താഴ്‌വാരം, ഐ.എച്ച്.ഡി.പി ഉന്നതി, എൽ.ബി.എസ് ഉന്നതി, പുഴയോരം എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ ഗ്രാമസഭയിൽ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് ഗ്രാമസഭ ഏറെ നേരം തടസ്സപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല.
പുതിയ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചതിന് പിന്നാലെയാണ് വിതരണം പൂർണമായും നിലച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. പൈപ്പ് ലൈനിലെ തടസം കണ്ടെത്തി പരിഹരിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. അതുവരെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകി.