തൃശൂർ എരുമപ്പെട്ടി പഞ്ചായത്തിലെ ആലുക്കൽചിറ പ്രദേശത്ത് ജനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ചിറപ്പാലത്തിന്റെ നിർമാണത്തിനിടെ പുഴയിലേയ്ക്ക് വീണ മണ്ണും മുളങ്കൂട്ടങ്ങളും ഇതുവരെ നീക്കം ചെയ്യാത്തതാണ് ആശങ്കയ്ക്ക് കാരണം.

പാലം നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് മണ്ണും മുളങ്കൂട്ടങ്ങളും പുഴയിലേയ്ക്ക് പതിച്ചത്. ഇതോടൊപ്പം പുഴയിൽ മരങ്ങളും കുടുങ്ങിക്കിടക്കുന്നതിനാൽ ജലപ്രവാഹം തടസപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴയുണ്ടായാൽ ഏത് സമയത്തും വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

പ്രശ്നം സംബന്ധിച്ച് ജലസേചന വകുപ്പിനെ നാട്ടുകാർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പരാതി. മഴക്കാലത്ത് പതിവായി വെള്ളം കയറുന്ന പ്രദേശമായതിനാൽ ഇത്തവണ അപകടസാധ്യത കൂടുതലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചിറപ്പാലത്തിന്റെ നിർമാണവും ഇതുവരെ പൂർത്തിയായിട്ടില്ല. പുഴയിലെ തടസങ്ങൾ കാരണം വെള്ളത്തിന്റെ ഒഴുക്ക് മന്ദഗതിയിലായതോടെ സമീപവാസികൾ ആശങ്കയിലാണ്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ വീടുകളിൽ സമാധാനത്തോടെ കഴിയാൻ കഴിയാത്ത അവസ്ഥയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അടിയന്തരമായി പുഴയിലെ മണ്ണും മുളങ്കൂട്ടങ്ങളും നീക്കി ജലപ്രവാഹം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Alukalchira faces a serious flood threat due to debris from bridge construction blocking the river. Residents of Erumapetty panchayat in Thrissur are deeply concerned about potential waterlogging and flooding, especially with the onset of monsoon rains.