തൃശൂര്‍ ചെന്ത്രാപ്പിന്നി മേഖലയില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് അഞ്ചു മാസം. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

എടത്തിരുത്തി പത്താം വാര്‍ഡിലെ നേതാജി റോഡ് പരിസരത്തേക്കുള്ള കുടിവെള്ള വിതരണമാണ് നിലച്ചത്. ദേശീയ പാതയോരത്ത് 200 എംഎം വിതരണ പൈപ്പ്  പൊട്ടിയതാണ് കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണം. 5 മാസം മുന്‍പ് രണ്ട് തവണ കരാറുകാരെത്തി പൈപ്പിന്‍റെ ചോര്‍ച്ച അടച്ചിരുന്നു. എന്നാല്‍ വെള്ളം പമ്പ് ചെയ്യുന്നതോടെ വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു. ഇതോടെ പ്രദേശത്തെ‌ അറുപതോളം വീടുകളില്‍ കുടിവെള്ള ക്ഷാമമുണ്ടായി.

പൊട്ടിയ പൈപ്പ് നന്നാക്കാനെടുത്ത കുഴി ഇപ്പോള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് കാനയിലേക്ക് ഒഴുകുന്നത്.  വാട്ടര്‍ കിയോസ്ക്കുകളില്‍ നിന്നും ബന്ധു വീടുകളില്‍ നിന്നും കുടിവെള്ളമെത്തിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. ഇതു തുടര്‍ന്നാല്‍  പ്രതിഷേധവുമായി മുന്നോട്ടു വരുമെന്നും നാട്ടുകാര്‍ പറഞ്ഞു.‌

ENGLISH SUMMARY:

Drinking water supply in the Chenthrappinni area of Thrissur has been disrupted for the past five months. Around sixty families in the Netaji Road vicinity of Edathiruthi 10th ward are facing a severe water crisis. The issue started after a 200mm distribution pipe burst along the national highway. Although contractors attempted repairs twice, the pipe burst again as soon as water pumping resumed. Thousands of liters of water are currently being wasted into drains while residents struggle to find water. The unrepaired pits dug for maintenance have now become a significant hazard for commuters. Frustrated locals have warned of intense protests if authorities do not take immediate action.