സ്വന്തം ജീവൻ നോക്കാതെ കടന്നൽ ആക്രമണത്തിൽ നിന്നും കുരുന്നുകളെ രക്ഷപ്പെടുത്തിയ അംഗനവാടി ഹെൽപ്പർക്ക് അവാർഡ്. തൃശൂർ പുതുരുത്തി അങ്കണവാടിയിലെ ശോഭനയ്ക്കാണ് വനിതാ ശിശു വികസന വകുപ്പിൻ്റെ പുരസ്കാരം ലഭിച്ചത്. 

കരുതലിന്, കാണിച്ച ധൈര്യത്തിന്, ഈ അവാർഡ് ഒന്നുമാകില്ല. പക്ഷേ ശോഭനയ്ക്ക് ഇരട്ടി മധുരമാണ്. വർഷങ്ങളായി പുതുരുത്തി അങ്കണവാടിയിലെ ഹെൽപ്പർ ആയി ജോലി ചെയ്യുകയാണ് ശോഭന. അവിടെയെത്തുന്ന കുരുന്നുകൾക്ക് അമ്മയാണ്, ചേച്ചിയാണ്, കൂട്ടുകാരിയാണ്. കഴിഞ്ഞ ഡിസംബർ പതിനെട്ടാം തീയതി അങ്കണവാടിയിൽ ഉച്ചഭക്ഷണം നൽകുന്നതിനായി കുട്ടികളെ കൈ കഴുകിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് കടന്നലുകൾ കൂട്ടമായി എത്തിയത്. അപകടം തിരിച്ചറിഞ്ഞ ശോഭന നിമിഷങ്ങൾക്കുള്ളിൽ കുട്ടികളെ എല്ലാവരെയും അങ്കണവാടിക്കുള്ളിലാക്കി വാതിൽ അടച്ചു. എന്നാൽ ഇതിനിടെ കടന്നൽക്കൂട്ടം ശോഭനയെ ഒന്നാകെ പൊതിഞ്ഞിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ അങ്കണവാടിക്ക് പുറത്തുള്ള പാതയോരത്ത് വീണു. നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്കേറ്റ ശോഭന ഇപ്പോഴും ചികിത്സയിലാണ്. 

വനിതാ ശിശു വികസന വകുപ്പിന്റെ മികച്ച സേവനത്തിനുള്ള ഐസിഡിഎസ് അവാർഡാണ് ശോഭനയ്ക്ക് ലഭിച്ചത്. ചികിത്സയിൽ ആയിരിക്കുന്ന ശോഭനയ്ക്ക് പകരം സഹോദര പുത്രനാണ് അവാർഡ് വാങ്ങാൻ പോയത്. 

ENGLISH SUMMARY:

A courageous Anganwadi helper is recognized for her bravery in saving children from a wasp attack. This woman, Shobhana, received an award for her heroic act that prioritized the safety of the young ones.