സ്വര്‍ണത്തിനു മാത്രമല്ല ചെമ്പിനും വില കൂടിയതോടെ ഇലക്ട്രിക് കേബിള്‍ നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍. ചെമ്പ് ആവശ്യത്തിനു കിട്ടാനുമില്ല. കെട്ടിടനിര്‍മാണ മേഖലയിലും ഇലക്ട്രിക് ഉല്‍പന്നങ്ങളുടെ വില കൂടാന്‍ സാധ്യത.
തൃശൂര്‍ കുറ്റൂരിലെ വില്‍വെക്സ് കേബിള്‍സിന്‍റെ ഫാക്ടറിയാണിത്. ഇലക്ട്രിക് കേബിള്‍ നിര്‍മിക്കുന്ന ഫാക്ടറി. ഇലക്ട്രിക് കേബിളുകള്‍ക്ക് ആവശ്യക്കാരേറെയാണ്. പക്ഷേ, ചെമ്പിന് ലോകമൊട്ടുക്കും ക്ഷാമമാണ്. 2025ല്‍ ചെമ്പിന് ടണ്‍ ഒന്നിന് വില പത്തു ലക്ഷം രൂപയില്‍ താഴെയായിരുന്നു. ഇപ്പോള്‍ അത്, പതിനഞ്ചു ലക്ഷം രൂപയായി വര്‍ധിച്ചു. ചിലിയിലേയും ഇന്തോനേഷ്യയിലേയും ചെമ്പ് കുഴിച്ചെടുക്കുന്ന ഇടങ്ങള്‍ പ്രളയത്തില്‍ നശിച്ചതും തിരിച്ചടിയായി. ചെമ്പിന്‍റെ ദൗര്‍ലഭ്യം കൂടിയതോടെ ആളുകള്‍ വന്‍തോതില്‍ ഇതു വാങ്ങി സംഭരിക്കാന്‍ തുടങ്ങി. വില ഇനിയും കയറിയാല്‍ അത് കെട്ടിട നിര്‍മാണ മേഖലയില്‍ പ്രതിഫലിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
ഈ പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കാനും വിദഗ്ധര്‍ക്കു സാധിക്കുന്നില്ല. ഇനിയും ചെമ്പിന്‍റെ വില കുതിച്ചുയരുമെന്നാണ് ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ നിന്ന് വ്യാപാരികള്‍ക്കു ലഭിക്കുന്ന സൂചന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ ഇടപെടല്‍ അനിവാര്യമാണെന്നും വ്യാപാരികള്‍ പറയുന്നു.