TOPICS COVERED

കൊച്ചിയില്‍ പത്തുരൂപയ്ക്ക് ഭക്ഷണം നല്‍കാന്‍ കോര്‍പറേഷന്‍. മിതമായനിരക്കില്‍ ഭക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് ഇന്ദിരാ കാന്‍റീനുകള്‍ തുടങ്ങും. കൊച്ചിയില്‍ ഇനി തെരുവുനായകളെ ദത്തെടുക്കാന്‍ മൃഗസ്നേഹികള്‍ക്ക് അവസരമുണ്ടാകും. സാധാരണക്കാര്‍ക്ക് മേയറുമായി സംവദിക്കാന്‍ സാധിക്കുന്ന ടോക്ക് വിത്ത് മേയര്‍ പരിപാടി എല്ലാ മാസവുമുണ്ടാകും. 

കൊച്ചി കോര്‍പറേഷന്‍റെ സമൃദ്ധി ഹോട്ടലുകള്‍ വന്‍ഹിറ്റാണ്. ഗുണമേന്മയുള്ള രുചികരമായ ഭക്ഷണം മിതമായവിലയ്ക്ക്. എല്‍ഡിഎഫ് കൗണ്‍സിലിന്‍റെ ഏറ്റവും വിജയകരവും ജനീയവുമായ സമൃദ്ധി ബ്രാന്‍ഡിനൊപ്പമാണ് യുഡിഎഫ് ഇന്ദിരാ കാന്‍റീന്‍ അവതരിപ്പിക്കുന്നത്. 10 രൂപയ്ക്ക് പ്രാതലും രാത്രി ഭക്ഷണവും ഇന്ദിരാ കാന്‍റീന്‍ വഴി ലഭ്യമാക്കും. ഇന്ദിരാ കാന്‍റീന്‍ തുടങ്ങുന്നത് അടക്കം അന്‍പത് ദിന കര്‍മ പദ്ധതികള്‍ പുതിയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. സമൃദ്ധി @ കൊച്ചിയുടെ പ്രവര്‍ത്തനം സുതാര്യമാക്കുമെന്നും ഓഡിറ്റിങ് ഏര്‍പ്പെടുത്തുമെന്നും മേയര്‍. 

തെരുവുനായകളെ ദത്തെടുക്കാന്‍ സൗകര്യമുണ്ടാകും.ബ്രഹ്മപുരത്ത് തെരുവുനായകളെ പാര്‍പ്പിക്കാന്‍ കൂടുകള്‍ സ്ഥാപിക്കും. തെരുവുനായകള്‍ക്ക് റോഡില്‍ ഭക്ഷണം നല്‍കുന്നത് അനുവദിക്കില്ല. കൂടുതല്‍ ഫോഗിങ് യന്ത്രങ്ങള്‍ വാങ്ങുന്നതും ശുചീകരണത്തിന് കൂടുതല്‍ ആളുകളെ നിയമിക്കുന്നതും അടക്കം കൊതുക് നിവാരണത്തിന് നടപടികള്‍. ഹൈ കോര്‍ട്ട് ജംക്ഷനില്‍ നിന്ന് കോര്‍പറേഷന്‍റെ പുതിയ ഓഫീസിലേയ്ക്കും തിരിച്ചും ഇലക്ട്രിക് വാഹന സംവിധാനം ഒരുക്കും. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നത് ഉറപ്പാക്കാന്‍ ഏകജാലക സംവിധാനം. കുറഞ്ഞ ചെലവില്‍ ഫിസിയോതെറാപ്പി സേവനങ്ങള്‍ ലഭ്യക്കാനുള്ള കേന്ദ്രങ്ങള്‍. ഗോശ്രീ ജംക്ഷന്‍ മുതല്‍ ബിടിഎച്ച് വരെയുള്ള റോഡ് മോഡല്‍ റോഡായി നവീകരിക്കും. ബ്രഹ്മപുരത്ത് പുതിയ ഭക്ഷ്യ മാലിന്യ സംസ്ക്കരണ പ്ലാന്‍റ് സ്ഥാപിക്കും. ആധുനിക പൊതുശുചിമുറികള്‍ തുടങ്ങും. എല്ലാ മാസവും പൊതുജനങ്ങള്‍ക്ക് മേയറും ഡപ്യൂട്ടി മേയറുമായി ആശയവിനിമയം നടത്താന്‍ ടോക് വിത്ത് മേയര്‍ പരിപാടി സംഘടിപ്പിക്കും തുടങ്ങിയവ കര്‍മ പരിപാടിയിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.

ENGLISH SUMMARY:

The newly elected UDF council of the Kochi Corporation, led by Mayor V.K. Minimol, has announced a comprehensive 50-day action plan focused on public welfare and urban development. A key highlight is the introduction of "Indira Canteens," which will provide breakfast and dinner for just ₹10, alongside the existing "Samridhi @ Kochi" project. The council also introduced a monthly "Talk with Mayor" program to enhance direct interaction with citizens. Other significant initiatives include a pet adoption drive for stray dogs, the installation of dog shelters at Brahmapuram, and a massive mosquito eradication campaign. This ambitious plan aims to streamline civic services and improve the quality of life for residents through transparent administration and modern infrastructure.