തൃശൂർ ആതിഥേയത്വം വഹിക്കുന്ന 64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഉള്ള സ്വർണ കപ്പ് പ്രയാണത്തിന് തുടക്കം. കാസർകോട് മൊഗ്രാൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ജനുവരി 13ന് യാത്ര തൃശൂരിൽ എത്തും.
പൂര നഗരി കൗമാര കലാ മാമാങ്കത്തിന് അണിഞ്ഞൊരുങ്ങുമ്പോൾ 117 അര പവന്റെ സ്വർണ കപ്പും യാത്ര ആരംഭിക്കുകയാണ്. കാസർകോട് മൊഗ്രാൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് രാവിലെയാണ് 14 ജില്ലകളിലൂടെയും ഉള്ള യാത്ര ആരംഭിച്ചത്. എല്ലാവർഷവും കാസർകോട് നിന്ന് ഘോഷയാത്ര ആരംഭിക്കുമെങ്കിലും, ആദ്യമായാണ് ചന്ദ്രഗിരി പുഴ കടന്ന് അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്ത് നിന്ന് യാത്ര ആരംഭിച്ചത്. സ്ഥലം എംഎൽഎ എകെഎം അഷ്റഫ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്ന് കാസർകോട് കണ്ണൂർ വയനാട് ജില്ലകളിലാണ് പര്യടനം. 36 ഇടങ്ങളിലാണ് യാത്രയ്ക്ക് സ്വീകരണം സജ്ജമാക്കിയിരിക്കുന്നത്. 13 ജില്ലകളിലൂടെയും യാത്ര ചെയ്ത് പതിമൂന്നാം തീയതി തൃശൂരിൽ എത്തും. പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്ത് 13ന് വൈകിട്ടാണ് സ്വീകരണം.