ചാലക്കുടി ചായ്പ്പൻകുഴിയിൽ കാട്ടാനക്കലിയിൽ വയോധികന് ദാരുണാന്ത്യം. പീലാർമുഴി സ്വദേശി തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. പ്രതിഷേധവുമായെത്തിയ നാട്ടുകാർ ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ അടിച്ചു തകർത്തു.
രാവിലെ 6 മണിയോടെയാണ് കാട്ടാനയാക്രമണത്തിൽ ചാലക്കുടി ചായ്പ്പൻകുഴിയിൽ വയോധികൻ്റെ ജീവൻ നഷ്ടമായത്. പീലാർമുഴി സ്വദേശി തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. വീട്ടിൽ നിന്ന് ചായ കുടിക്കാൻ ഹോട്ടലിൽ പോകും വഴി കാട്ടാന ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് ചാലക്കുടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വന്യജീവി ആക്രമണം തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തി. സ്റ്റേഷന്റെ ജനൽ ചില്ലകളും ഫർണ്ണിച്ചറുകളും അടിച്ചു തകർത്തു.
പ്രശ്നപരിഹാരത്തിന് എത്തിയ ആർ.ഡി.ഒയെ നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് എംഎൽഎയും എംപിയും ഇടപെട്ട് ആർഡിഒയുമായി ചർച്ച നടത്തി. നാട്ടുകാരുടെ ആവശ്യപ്രകാരം ആനയെ വെടിവെച്ച് കൊല്ലാനുള്ള ശുപാർശ സർക്കാരിലേക്ക് കൈമാറുമെന്ന് ആർഡിഒ പറഞ്ഞു.
ആർഡി ഒ കൊടുത്ത ഉറപ്പിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച വയോധികന്റെ കുടുംബത്തിന് ആദ്യ ഗഡുവായി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.