ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ രണ്ടുദിവസത്തിനിടെ 13 ഗ്രാമീണരെ കൊലപ്പെടുത്തി കാട്ടാന. തിങ്കളാഴ്ച ഏഴും ചൊവ്വാഴ്ച ആറും പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഒട്ടേറെപ്പേര്‍ ആനയുടെ ആക്രമണത്തിന് ഇരയായിരുന്നു. കുട്ടികളടക്കം പരുക്കേറ്റ് ചികില്‍സയിലാണെന്ന് ചായ്ബാസ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ആദിത്യനാരായണ്‍ അറിയിച്ചു.
കാടിറങ്ങിയ ആന ചൊവ്വാഴ്ച നോമൗണ്ടി ഹത്ഗമരി പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍പ്പെട്ട ഗ്രാമങ്ങളില്‍ കടന്നെത്തി. ഇവിടെ കൃഷിയിടങ്ങളും വീടുകളും നശിപ്പിച്ച ആന ആറുപേരെ ചവിട്ടിക്കൊന്നു. ഇതില്‍ നാലുപേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇതേ ആന തിങ്കളാഴ്ച കോല്‍ഹാന്‍ മേഖലയിലും നാശം വിതച്ചു. ഇവിടെ ഏഴുപേരാണ് ആനക്കലിക്ക് ഇരയായത്. അതില്‍ ഒരേ കുടുംബത്തിലെ മൂന്നുപേരും ഉള്‍പ്പെടുന്നു.
ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ഗ്രാമീണന്‍
ജാര്‍ഖണ്ഡ് വനംവകുപ്പിന്‍റെയും ബംഗാളിലെ ബന്‍കുര ജില്ലയില്‍ നിന്നുള്ള വന്യജീവി വിദഗ്ധരും ഉള്‍പ്പെട്ട സംഘം ആനയെ കാടുകയറ്റാനുള്ള തീവ്രശ്രമത്തിലാണ്. ഒട്ടേറെ ആനകള്‍ കാടിറങ്ങിയതോടെ ചന്ദ്രാധര്‍പുര്‍ റെയില്‍വേ ഡിവിഷന് കീഴിലുള്ള 12 ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി. റെയില്‍പാളം മുറിച്ചുകടന്ന് ആനകള്‍ നീങ്ങുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നാരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തുവന്നു. വനംവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മധു കോഡ ആരോപിച്ചു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് ഗ്രാമീണര്‍ക്ക് വിപുലമായ പിന്തുണയും പ്രതിരോധ സാമഗ്രികളും നല്‍കിയിരുന്നുവെന്നും ആ രീതി ഇപ്പോഴില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാട്ടാന ആക്രമണത്തെത്തുടര്‍ന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.