തൃശൂർ കൊരട്ടിയിൽ വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യാതെ സർവീസ് റോഡ് ടാർ ചെയ്തു. മൂന്നു വൈദ്യുതി പോസ്റ്റുകളാണ് റോഡിന്റെ നടുവിൽ സ്ഥിതിചെയ്യുന്നത്. യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് പണികൾ നടക്കുന്നതെന്ന് നാട്ടുകാർ.
മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ മേൽപ്പാലം നിർമ്മാണത്തിൻ്റെ ഭാഗമായി കൊരട്ടി സർവീസ് റോഡിൽ ടാറിങ് തുടങ്ങി. അങ്ങനെ ചെയ്തു വന്നപ്പോഴാണ് സർവീസ് റോഡിൻ്റെ നടുവിലായി മൂന്ന് വൈദ്യുതി തൂണുകൾ കാണുന്നത്. പോസ്റ്റുകളെ വേദനിപ്പിക്കാൻ മനസ്സ് വയ്യാത്തതുകൊണ്ട് വൈദ്യുതി തൂണുകൾ അതേപടി നിലനിർത്തി സർവീസ് റോഡ് ടാർ ചെയ്തു. എത്ര മനോഹരമായ ആചാരങ്ങൾ ആണല്ലേ..
വന്നവനും കണ്ടവനും നിന്നവനും അന്തംവിട്ട് കുറെ നേരം നോക്കി നിൽക്കും. വ്യത്യസ്തമായ ആശയങ്ങളിലൂടെ തയ്യാറാക്കിയ ഈ ആധുനിക സർവീസ് റോഡ്. കാലം മാറുവല്ലേ അതിനൊപ്പം കാഴ്ചപ്പാടുകളും മാറണമല്ലോ. ആ മാറ്റം സൗജന്യമായി കാണണമെങ്കിൽ കൊരട്ടി പൊലീസ് സ്റ്റേഷന് സമീപമുള്ള പുതിയ സർവീസ് റോഡിൽ എത്തിയാൽ മതി.