കോര്‍പ്പറേഷന്‍ സ്റ്റേഡിയം അഞ്ചുവര്‍ഷത്തേക്ക്  തൃശൂര്‍ മാജിക് എഫ്​സിക്ക് വിട്ടുകൊടുത്ത തൃശൂര്‍ കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടർഫിലെ പണികൾ ആരംഭിച്ചതിനെത്തുടർന്നാണ് വിദ്യാർഥികളും അത്ലറ്റിക്സ് പരിശീലകരും പ്രതിഷേധവുമായി രംഗത്തെത്തിയത്. 

സൂപ്പർ ലീഗ് കേരളയ്ക്കായാണ് മാജിക് എഫ്സിക്ക് സ്റ്റേഡിയം നല്‍കിയത്. എന്നാൽ തീരുമാനം എടുത്ത അന്നു മുതൽ അത്ലറ്റിക്സ് അസോസിയേഷൻ വിസമ്മതം പ്രകടിപ്പിച്ചിരുന്നു.സ്റ്റേഡിയവും ഫുട്ബോൾ ഗ്രൗണ്ടും പുനർ നിർമ്മിക്കുന്നതുമൂലം സിന്തറ്റിക് ട്രാക്ക് നിർമ്മിക്കാനുള്ള സാധ്യത വിരളമാവുമെന്ന് അത്‌ലറ്റിക്സ് പരിശീലകർ പറഞ്ഞിരുന്നു. ഇത് പരിഹാരം കാണാൻ മേയർ എം.കെ.വർഗീസ് വിളിച്ചു കൂട്ടിയ യോഗത്തിൽ ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 

പണികള്‍ നടക്കുന്നതോടെ ഫുട്ബോള്‍ ടര്‍ഫിന് വീതിയേറും. ഇങ്ങനെ സംഭവിക്കുന്നതോടെ  സിന്തറ്റിക് ട്രാക്ക് ഇല്ലാതാകാനുള്ള സാധ്യത ഏറുകയാണെന്നും അത്ലറ്റിക്സ് പരിശീലകർ ചൂണ്ടിക്കാട്ടുന്നു. ഇതിനൊരു പരിഹാരം കാണുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് അത്ലറ്റിക്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:

Protests have intensified against the Thrissur Corporation's decision to lease the Corporation Stadium to the private club Thrissur Magic FC for five years for the Super League Kerala. Athletes and coaches are protesting as ongoing turf renovation work will widen the football pitch, raising fears that it will eliminate the possibility of constructing a much-needed synthetic track, and claiming the Mayor's decision was unilateral.