തൃശൂർ ഗുരുവായൂർ നഗരസഭയുടെ ബയോ പാർക്കിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചു. ഒറ്റനോട്ടത്തിൽ ആരുടെ പ്രതിമയാണെന്ന് മനസ്സിലാകുക പോലും ഇല്ല. പ്രതിമ അദ്ദേഹത്തോടുള്ള അനാദരവിന്‍റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉപവാസ സത്യഗ്രഹം നടത്തി.
ഗാന്ധി ഇന്നുണ്ടായിരുന്നെങ്കിൽ പ്രതിമ ചൂണ്ടിക്കാട്ടി ഇതാരാണെന്ന് ജനങ്ങളോട് ചോദിക്കും. തന്‍റെ പല പ്രതിമകളും കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായാണെന്ന് അദ്ദേഹം പറയും. സൂക്ഷിച്ചു നോക്കി ഗാന്ധി പ്രതിമയാണെന്ന് മനസ്സിലാക്കാൻ പീഠത്തിൽ അദ്ദേഹത്തിന്‍റെ ഒരു ഉദ്ധരണി ചേർത്തിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ ഒരു പ്രതിമ സ്ഥാപിച്ചശേഷം അത് അദ്ദേഹമാണെന്ന് മനസ്സിലാക്കാനായി പേര് എഴുതിവച്ചതുപോലുണ്ട്.
പ്രതിമാ നിർമാണം ധൃതിയിലാക്കിയതുകൊണ്ടാണ് ഈ സ്ഥിതി വന്നതെന്ന് പറയപ്പെടുന്നു. ഏതായാലും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിമയുടെ പേരിൽ ഇങ്ങനെ പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലെന്നും കുറവുകൾ തീർത്ത് പ്രതിമ പുനർനിർമിക്കുമെന്നാണ് നഗരസഭ പറയുന്നത്.