തൃശൂർ ശ്രീനാരായണപുരത്ത് വരണ്ട മണ്ണിൽ വിളയൊരുക്കാമെന്നു തെളിയിച്ച് കർഷകൻ. ഈശ്വരമംഗലത്തെ രാജനും കുടുംബവുമാണ് ചൊരിമണലിൽ ചോളം കൃഷിചെയ്ത് വിളവെടുത്തത്. ഇവിടെ ചോളം വിതയ്ക്കുമ്പോൾ ഈശ്വരമംഗലത്തെ രാജനും കുടുംബത്തിനും മണ്ണു ചതിക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. .കോതപറമ്പ് കടവിൽ കനോലി കനാലിൻ്റെ തീരത്തെ ഓരുവെള്ളത്തിലെ ആ പരീക്ഷണം അവസാനം വിജയം കണ്ടു.
രാജൻ്റെ മകൻ അജിത് ഓൺലൈനായി വരുത്തിയ വിത്ത് വിതച്ചാണ് ചോളം കൃഷി ചെയ്യാൻ തുടങ്ങിയത്. . ഉപ്പ് നിറഞ്ഞ പുഴ വെള്ളത്താൽ ചുറ്റപ്പെട്ട മണ്ണിൽ വിളയൊരുക്കുക ശ്രമകരമായിരുന്നു. വളവും, ശുദ്ധജലവും നൽകി വളർത്തിയെടുത്ത ചോളച്ചെടികളിൽ കതിരു വീണപ്പോഴാണ് ആശ്വാസമായത്. മൂന്ന് മാസം കൊണ്ട് ചോളം വിളവെടുപ്പിന് പാകമായി.
കേരളത്തിൽ അപൂർവമായ ചോളകൃഷി, വേലിയേറ്റവും, വേലിയിറക്കവും അനുഭവപ്പെടുന്ന പുഴയോരത്ത് യാഥാർഥ്യമാക്കുന്നത് അക്ഷാർഥത്തിൽ പരീക്ഷണമാണ്. പക്ഷേ സ്വന്തം അധ്വാനത്തെയും ആത്മവിശ്വാസത്തെയും ആശ്രയിച്ച രാജനുമുന്നിൽ ആ പരീക്ഷണം വിജയിച്ചു. അടുത്ത തവണ വിപുലമായ രീതിയിൽ ഇതേ കൃഷിയിറക്കണമെന്ന തീരുമാനത്തിലാണ് രാജനും കുടുംബവും