തൃശൂർ ചാലക്കുടിയിൽ മെസ്സിയുടെ കൂറ്റൻ ചിത്രം തയ്യാറാക്കി ഇണ്ണുനീലി സ്മാരക വായനശാല ഫുട്ബോൾ അക്കാദമിയിലെ വനിതാ ഫുട്ബോൾ താരങ്ങൾ. 500റോളം ജേഴ്സികൾ നിരത്തിവെച്ച് 350 ചതുരശ്ര അടി വലുപ്പത്തിൽ ആണ് മെസ്സിയുടെ ചിത്രം ഒരുക്കിയത്.
ഇടതുകാൽ കൊണ്ട് മൈതാനത്ത് മാന്ത്രിക വിദ്യ കാണിക്കുന്ന മെസ്സിയുടെ ചിത്രമാണ് ചാലക്കുടി ആറങ്ങാലി മണപ്പുറത്തിൻ്റെ മണൽത്തരികളെ പുളകം കൊള്ളിക്കുന്നത്. ഇണ്ണുനീലി സ്മാരക വായനശാല ഫുട്ബോൾ അക്കാദമിയിലെ വനിതാ ഫുട്ബോൾ താരങ്ങൾ വിജയ വഴികളിൽ ധരിച്ച ജേഴ്സികൾ ഉപയോഗിച്ചാണ് മെസ്സിയുടെ ചിത്രം തയ്യാറാക്കിയത്. 350 ചതുരശ്ര അടി വലിപ്പത്തിൽ 500 ഓളം ജേഴ്സികൾ ഉപയോഗിച്ച് രണ്ട് മണിക്കൂർ സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്.സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ചുകൊണ്ട് അക്കാദമി തുടക്കം കുറിച്ചിരിക്കുന്ന HER ക്യാമ്പയിന്റെ ഭാഗമായിട്ടാണ് മണപ്പുറത്ത് മെസ്സിയുടെ ചിത്രം നിർമ്മിച്ചത്.
ചാലക്കുടി ചന്തയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഇണ്ണുനീലിയുടെ ഓർമ്മയ്ക്കായി സിത്താരനഗർ പൂങ്കൊടിയിൽ 1991 ൽ ഒരു വായനശാല ആരംഭിച്ചു. ആ വായനശാല തന്നെയാണ് നാലുവർഷം മുമ്പ് പെൺകുട്ടികൾക്കായി ഒരു ഫുട്ബോൾ അക്കാദമിയ്ക്കും തുടക്കമിടുന്നത്. ഇവിടെ 107 കുട്ടികളാണ് പരിശീലനം തേടി വരുന്നത്. ഇന്ത്യൻ വനിതാ ഫുട്ബോളിൽ കേരളത്തിൽ നിന്നും ഇന്ത്യൻ കുപ്പായത്തിൽ പന്തു തട്ടുന്നതിനുള്ള ആഗ്രഹത്തിലും പ്രതീക്ഷയിലും ആണ് ഈ അക്കാദമിയിലെ ഓരോ കുട്ടികളും.