തൃശൂര്‍ കോര്‍പറേഷനില്‍ മേയറുടെ ഇരിപ്പിടം മേശപ്പുറത്ത് കയറ്റിവച്ച് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൗണ്‍സില്‍ യോഗം വിളിച്ചതാണ് പ്രതിഷേധത്തിനു കാരണം. കൗണ്‍സില്‍ യോഗം മേയര്‍ റദ്ദാക്കി.
തൃശൂര്‍ കോര്‍പറേഷനിലെ പ്രതിപക്ഷ നേതാവ് രാജന്‍ ജെ പല്ലന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പിലേയ്ക്കു പോകുന്നതിനിടെ കൗണ്‍സില്‍ യോഗം വിളിച്ചത് ശരിയല്ലെന്ന് പ്രതിപക്ഷം വാദിച്ചു. പതിനൊന്നു മണിയ്ക്കായിരുന്നു യോഗം വിളിച്ചത്. പത്തരയ്ക്കുതന്നെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഇരിപ്പിടം വളഞ്ഞു. മേയര്‍ എത്തും മുമ്പേ പ്രതിഷേധം കനത്തതോടെ കൗണ്‍സില്‍ യോഗം വേണ്ടെന്നുവച്ചു.
തിരഞ്ഞെടുപ്പിനു ശേഷം ഒരിക്കല്‍ക്കൂടി കൗണ്‍സില്‍ യോഗം വിളിക്കാനാണ് ധാരണ. നിര്‍മാണ ചെലവുകളുടെ തുക പാസാക്കാനുള്ള അജണ്ടകള്‍ ഉണ്ടായിരുന്നു. ഇത്, പാസാക്കാന്‍ വേണ്ടി ഒരിക്കല്‍ക്കൂടി കൗണ്‍സില്‍ യോഗം വിളിക്കും.