തൃശൂർ-എറണാകുളം ദേശീയപാതയിൽ ടാറിങ് നടത്തിയ സ്ഥലങ്ങളിൽ വീണ്ടും കുഴികൾ. ചിറങ്ങരയിലും ആമ്പല്ലൂരിലും ആണ് രണ്ടു മഴ പെയ്തതോടെ ടാറിട്ട റോഡ് കുഴിയായി മാറിയത്. കഴിഞ്ഞദിവസം തൃശൂർ കലക്ടറും മുരിങ്ങൂരിൽ ഗതാഗതക്കുരുക്കിൽപെട്ടു.
കുരുക്കിന് അറുതി ഉണ്ടാകാൻ ആദ്യം ഹൈക്കോടതിയും അവസാനം സുപ്രീംകോടതിയും ഇടപെട്ടു. ദേശീയപാത അധികൃതർ സർവീസ് റോഡിലെ മനസ്സില്ലാ മനസ്സോടെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും കുഴികൾ മൂടാനുമായി ടാർ ഇട്ടു. എന്നാൽ രണ്ടു മഴ പെയ്തതോടെ റോഡ് പഴയ അവസ്ഥയിലേക്ക്.
ചിറങ്ങരയിലും, ആമ്പല്ലൂരിലും ആണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഈ രണ്ടു സ്ഥലത്തെയും റോഡ് ടാറിട്ടിട്ട് ഒരാഴ്ച പോലുമാകുന്നില്ല. ദേശീയപാതാ അധികൃതരും കരാർ കമ്പനിയും ആരെയെക്കെയോ ബോധിപ്പിക്കാൻ വേണ്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് മുങ്ങി.
കഴിഞ്ഞദിവസം അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിയ കലക്ടർക്കും കിട്ടി എട്ടിൻറെ പണി. മുരിങ്ങൂരിൽ അരമണിക്കൂറോളം ഗതാഗത കുരുക്കിൽപെട്ടു. ഓണം നാളുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമോ എന്ന പേടിയിലാണ് നാട്ടുകാരും യാത്രക്കാരും.