മഴക്കാലത്തും കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മനുഷ്യരുണ്ട്.തൃശൂർ ചാവക്കാട് മുനക്കകടവിലെ നൂറോളം കുടുംബങ്ങളാണ് വെള്ളം കിട്ടാതെ കഷ്ടപ്പെടുന്നത്. ജൽജീവനിൽ ജീവനും ഇല്ല പൊതു ടാപ്പിൽ വെള്ളവും ഇല്ല. പരാതികൊടുത്തിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ.
മൂന്ന് ഭാഗവും ഉപ്പ് വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് മുനക്കകടവ്. ഈ മഴക്കാലത്തും കുടിക്കാൻ ഒരു തുള്ളി വെള്ളം പോലുമില്ല. ജലജീവൻ പൈപ്പ് കണക്ഷൻ വർഷങ്ങൾക്കു മുൻപ് വീടുകളിൽ സ്ഥാപിച്ചിട്ടുണ്ട് എന്നാൽ വെള്ളം ഇതുവരെ എത്തിയിട്ടില്ല. പലതും തുരുമ്പ് എടുത്തും പള്ളക്കേറിയും നശിച്ച അവസ്ഥയിൽ.പൊതു ടാപ്പിൽ നിന്നും ഇടയ്ക്ക് മാത്രമാണ് വെള്ളം എത്തുക. എന്നാൽ ഇതിൽ നിറവ്യത്യാസം ഉണ്ടായതിനിൽ കുടിക്കാൻ കൊള്ളില്ല.
സാങ്കേതിക പിഴവു കാരണം നാട്ടുകാർ കുഴികൾ കുത്തി പൈപ്പ് എടുത്തുമാറ്റിയാണ് പൊതുടാപ്പിൽ നിന്ന് വെള്ളം ലഭ്യമാക്കുന്നത്.
പഞ്ചായത്തിലെ വിവിധ മേഖലകളിൽ പൊതു ടാപ്പിൽ നിന്ന് പരസ്യമായിട്ട് കുടിവെള്ളം ചോർത്തുന്നതാണ് പ്രദേശത്ത് വെള്ളമെത്താതിരിക്കാനുള്ള കാരണമെന്ന് നാട്ടുകാർ. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ജീവിതം ബുദ്ധിമുട്ടിലാണ്.കാശുകൊടുത്ത് വെള്ളം വാങ്ങാണം.വാട്ടർ അതോറിറ്റിക്കും പഞ്ചായത്തിനും രേഖാമൂലം പരാതി കൊടുത്തിട്ടും ആരും തിരിഞ്ഞുനോക്കുന്നുമില്ല.