തൃശൂർ നഗരത്തിൽ അപകടഭീഷണിയായി കുഴികൾ. എംജി റോഡിൽ ഉണ്ടായ അപകടത്തെ തുടർന്ന് നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് അധികൃതർ തടിതപ്പി. ദുരിത കുഴിയിൽ അകപ്പെട്ട് യാത്രക്കാരും നാട്ടുകാരും.
ജൂൺ 26നാണ് എംജി റോഡിൽ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിക്കുന്നതിനിടയിൽ ബസിടിച്ച് യുവാവ് മരിച്ചത്. ഇതിൽ പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധം ഉണ്ടായി. അതേത്തുടർന്ന് ഓടിനടന്ന് റോഡുകളുടെ കുഴി പലതും അടച്ചു. എന്നാൽ അടച്ച കുഴികൾ മഴ പെയ്തതോടെ പൂർവാധികം ശക്തിയോടെ പഴയപോലെയായി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൻ്റെ മുൻവശത്തെയും വടക്കേചിറയ്ക്ക് സമീപമുള്ള റോഡിന്റെയും കുഴികൾ മൂടിയിരുന്നു. എന്നാൽ ഇപ്പോൾ അവിടുത്തെ അവസ്ഥ പഴയതിനേക്കാളും കഷ്ടം.
നഗരത്തിലെ റോഡുകളിൽ ഉണ്ടായിരുന്ന പല കുഴികളും അധികൃതർ മുടി. എന്നാൽ ചിലത് മറന്നു പോയി. അവരെയും കുറ്റം പറയാൻ പറ്റില്ല കുറേ കുഴികളില്ലേ അതാവാം. അശ്വനി ആശുപത്രിയിൽ നിന്ന് ബാലഭവനിലേക്ക് പോകുന്ന വഴിയിലെ കുഴികളും പാലസ് റോഡിലെ പാറമേക്കാവിന്റെ മുൻപിലത്തെ കുഴികളും മൂടാൻ മറന്നു പോയിട്ടുണ്ട്. എത്രവട്ടം മൂടിയാലും പഴയ പടിയാകാൻ ഒരു മഴ പെയ്താൽ മതി. ഇത്രയും നാളും കുഴികൾ മൂടാൻ ഉപയോഗിച്ച പണം ഉണ്ടെങ്കിൽ പുതിയ റോഡ് തന്നെ പണിയാം.