തോടുകൾ അടച്ച് ദേശീയപാത നിർമിച്ച തൃശൂർ എടത്തിരുത്തിയിൽ വെള്ളക്കെട്ട് പരിഹരിക്കാൻ കലക്ടറുടെ ഇടപെടൽ. വെള്ളം ഒഴുകിപ്പോകാൻ പ്രത്യേക കാന നിർമിക്കാൻ ധാരണയായി. 150 കുടുംബങ്ങളുടെ ദുരിതം കഴിഞ്ഞദിവസം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടറുടെ ഇടപെടൽ.
മൂന്നുദിവസം നിർത്താതെ പെയ്ത മഴയിൽ എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിലെ പപ്പടം നഗർ, ചെന്ത്രാപ്പിന്നി മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്.150 തോളം കുടുംബങ്ങൾ ആണ് ദുരിതത്തിൽ ആയത്. നാട്ടുകാരുടെ പരാതിയിൽ കലക്ടർ സ്ഥലം സന്ദർശിച്ചു.
ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് തോടുകൾ നികത്തിയിരുന്നു. എന്നാൽ വേണ്ട രീതിയിൽ വെള്ളം ഒഴുകി പോകുവാനുള്ള കാനകൾ നിർമ്മിച്ചിരുന്നില്ല. നിലവിലുള്ള തോടുകൾ അടഞ്ഞുകിടക്കുന്നതിനാൽ വെള്ളം ഒഴുകി പോകുവാൻ സ്ഥലമില്ലാത്തതും വെള്ളക്കെട്ട് രൂക്ഷമാക്കി. നാട്ടുകാരുടെ പരാതിയിൽ കലക്ടർ പ്രത്യേക യോഗം വിളിക്കുകയായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ സമഗ്രമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വെള്ളം ഒഴുകി പോകാൻ സ്ഥിരമായ സൗകര്യം ഒരുക്കും. തോടുകൾ ഉടൻ വൃത്തിയാക്കാനും തീരുമാനമെടുത്തു.